പത്തനംതിട്ട : സംസ്ഥാനസർക്കാരിന്റെ ലഹരിവിരുദ്ധ പോളിസി ആയ “വിമുക്തി”യോട് ആഭിമുഖ്യം പ്രഖ്യാപിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയിൽ എക്സൈസ് വകുപ്പുമായി ചേർന്നുകൊണ്ട് മോട്ടോർ വാഹനവകുപ്പ് ബുധനാഴ്ച്ച അടൂർ, പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രത്യേക വാഹന പരിശോധന നടത്തി. കെ.എസ്.ആർ.റ്റി.സി ഉൾപ്പെടെയുള്ള ഇരുനൂറ്റിയമ്പതോളം വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി.
പത്തനംതിട്ട ആർ.റ്റി.ഓ എ.കെ.ദിലുവിന്റെ നേതൃത്ത്വത്തിൽ എട്ട് സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ സ്വകാര്യബസ്സ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തി. തുടർന്നും കർശനമായ ലഹരിവിരുദ്ധ പ്രത്യേക പരിശോധനകൾ നടത്തുകയും നിയമലംഘനങ്ങൾക്ക് നടപടികൾ എടുക്കുകയും ചെയ്യുന്നതാണ്.
ലഹരിക്കെതിരെ സമൂഹം ഉണരണമെന്നും ലഹരിക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിൻതുണ നല്കണമെന്ന സന്ദേശമാണ് മേൽ പ്രവർത്തനങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആർ.റ്റി.ഓ പറഞ്ഞു. പത്തനംതിട്ട കേന്ദ്രമായി നടത്തിയ പരിശോധനയിൽ എക്സൈസ് വകുപ്പ് ലഹരിക്കെതിരെയുള്ള 3 കേസ്സുകൾക്ക് പിഴ ചുമത്തി.
ചെക്കിംഗിൽ ശ്രീ. അരുൺ കുമാർ.എസ്.എം, സുരേഷ്കുമാർ, സൂരജ്, അജയ്കുമാർ, ആർ.പ്രസാദ് തുടങ്ങിയ എം.വി.ഐമാരും എക്സൈസ് വകുപ്പിൽനിന്നും എസ്. ഷിജു (സർക്കിൾ ഇൻസ്പെക്ടർ), ആർ. സന്തോഷ് (പ്രിവന്റീവ് ഓഫീസർ), സുഭാഷ് കുമാർ (പ്രിവന്റീവ് ഓഫീസർ), സിവിൽ എക്സൈസ് ഓഫീസർമാരായ ജയചന്ദ്രൻ.എൻ, ജയശങ്കർ.എസ്, വിമൻ സിവിൽ എക്സൈസ് ഓഫീസർ ഷമീനാ ഷാഹുൽ എന്നിവർ പങ്കെടുത്തു.