റാന്നി : അന്തര്‍ സംസ്ഥാന റൂട്ടീല്‍ സര്‍വ്വീസ് നടത്താനെത്തിയ സ്വകാര്യ ബസ് ഇന്ന് രാവിലെ റാന്നിയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും കസ്റ്റഡിയില്‍ എടുത്തു. കോയമ്പത്തൂര്‍-പത്തനംതിട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ആഢംബര ബസായ റോബിൻ മോട്ടോര്‍സ് ആണ് പിടിച്ചെടുത്തത്. കേന്ദ്ര മോട്ടോര്‍ നിയമനുസരിച്ച് അന്തര്‍ സംസ്ഥാന പെര്‍മിറ്റ് സ്വന്തമാക്കിയ ബസിന്റെ രണ്ടാമത്തെ ഉദ്യമമാണ് വീണ്ടും പരാജയപ്പെട്ടത്. ആദ്യ സര്‍വ്വീസിലും ഇതുപോലെ ഉദ്യോഗസ്ഥര്‍ വാഹനം കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വ്വീസ് ആരംഭിച്ചതെന്ന് ബസ് ഉടമ ഗിരീഷ് അവകാശപ്പെട്ടു.
പോലീസിന്‍റെ സഹായത്തോടെയാണ് ഇന്ന് രാവിലെ 5.30 ന് റാന്നി പോലീസ് സ്റ്റേഷന്‍റെ മുന്‍പില്‍ വെച്ച് ബസ് പിടികൂടിയത്. കോയമ്പത്തുർ ബോർഡ് വെച്ച് വന്ന ബസില്‍ യാത്രക്കാരും ഉണ്ടായിരുന്നു. യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും,ബസ് ഉടമയുടേയും മൊഴി രേഖപ്പെടുത്തികൊണ്ടാണ് കേസ് എടുത്തതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ പുതിയ ട്രാൻസ്‌പോർട് നിയമത്തിലാണ് അന്തര്‍ സംസ്ഥാന സർവീസിനുള്ള കളം ഒരുങ്ങിയത്. ശബരിമല ഉൾപ്പെടെയുള്ള റൂട്ടുകളില്‍ സർവീസ് നടത്തുന്നതിനായി സ്വകാര്യ ബസ് ഉടമകൾ തയ്യാറാകുമ്പോൾ ആണ് റാന്നിയിൽ വീണ്ടും ഈ ബസ് പിടികൂടിയത്. സർവീസ് നിർത്തിയ വാഹനം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു പത്തനംതിട്ടയിലേക്ക് മാറ്റി.