കൊല്ലം: കുവൈറ്റിലെ തീപിടുത്തത്തിന് രണ്ടര മണിക്കൂർ മുമ്പും ഷെമീർ (30) ഭാര്യ സുറുമിയോട് സംസാരിച്ചിരുന്നു.അടുത്തമാസം നാട്ടിലേക്ക് വരുന്നതിന്റെ സന്തോഷത്തിലായിരുന്നു ഷെമീർ.ആ വരവും കാത്തിരുന്ന ശുരനാട് നോർത്ത് ആനയടിലെ തുണ്ടുവിള വീട്ടിലേക്ക് ഇടിത്തീപോലെ എത്തിയത് മരണവാർത്ത.പിതാവ് ഉമുറുദ്ദീനെ മാത്രമാണ് ഷെമീർ മരിച്ച വിവരം ആദ്യം അറിയിച്ചത്. സുറുമിയെ അറിയിച്ചിരുന്നില്ല. ടി.വിയും മൊബൈൽ ഫോണും സുറുമിയുടെ അടുത്തുനിന്ന് മാറ്റിയിരുന്നു. ഷെമീറിന് അപകടം പറ്റി, ഗുരുതരമാണെന്ന് മാത്രമാണ് അറിയിച്ചത്. ഇന്നലെ മരണം അറിയിച്ചതോടെ വീടൊന്നാകെ സങ്കടകണ്ണീരിൽ മുങ്ങി.രണ്ട് വർഷം മുമ്പാണ് പത്തനാപുരം സ്വദേശിയായ സുറുമിയുമായുള്ള വിവാഹം.
എട്ട് മാസം മുമ്പ് ഷെമീർ നാട്ടിൽ വന്ന് പോയിരുന്നു.ബാങ്ക് വായ്പകളും മറ്റും തീർക്കാൻ അടുത്തമാസം വരാനിരിക്കെയാണ് ദാരുണ സംഭവം. പത്തുവർഷം മുമ്പാണ് ഷെമീറും കുടുംബവും പിതാവിന്റെ സ്വദേശമായ ഓയൂരിൽ നിന്ന് ആനയടിയിലേക്ക് താമസം മാറ്റുന്നത്. നാട്ടിലായിരിക്കുമ്പോൾ സ്വകാര്യ ബസും മറ്റും ഓടിച്ചിരുന്നു. എപ്പോഴും പുഞ്ചിരിച്ചിരുന്ന ഷെമീറിന്റെ വിയോഗം അറിഞ്ഞ് ധാരാളംപേർ വീട്ടിലെത്തി. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, ജനപ്രതിനിധികൾ എന്നിവർ കഴിഞ്ഞദിവസം വീട് സന്ദർശിച്ചു.