ദില്ലി: വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ അടുത്ത യോഗം അടുത്ത മാസം മുംബൈയിൽ ചേരും. സഖ്യയോഗം ഓഗസ്റ്റ് 25, 26 തീയതികളിൽ ചേരാനാണ് തീരുമാനമായിട്ടുള്ളത്. മൂന്നാമത് യോഗമാണ് മുംബൈയിൽ നടക്കുക. ഈ മാസം 17, 18 തീയതികളിൽ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ യോഗം ബംഗളൂരുവിൽ ചേർന്നിരുന്നു. ഈ യോഗത്തിലാണ് പ്രതിപക്ഷ വിശാല സഖ്യത്തിന് ഇന്ത്യ എന്ന പേര് നൽകാൻ തീരുമാനമായത്. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ 26 പ്രതിപക്ഷ പാർട്ടികളാണ് ഒന്ന് ചേർന്ന് സഖ്യം രൂപീകരിച്ചിരിക്കുന്നത്. 2024 തെരഞ്ഞെടുപ്പിനെ മോദിയും ‘ഇന്ത്യ’യും തമ്മിലുള്ള പോരാട്ടമെന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.
26 പാർട്ടികളും സംയുക്തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച് ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് യോഗത്തിന് ശേഷം പാർട്ടി നേതാക്കൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. മുംബൈയിൽ നടക്കുന്ന യോഗത്തിൽ സഖ്യത്തിന്റെ മുന്നോട്ട് പ്രവർത്തനങ്ങളിൽ കൂടുതൽ തീരുമാനങ്ങളുണ്ടാകും. പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കിയിരുന്നു. ഇതിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിലും മുംബൈയിൽ തീരുമാനമാകും. അതേസമയം, പ്രതിപക്ഷ സഖ്യമായ ഇന്ത്യ സംഘം മണിപ്പൂർ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്.