കണ്ണൂര്‍: ശ്രീകണ്ഠപുരം പരിപ്പായിലെ പറമ്പില്‍നിന്ന് കിട്ടിയ നിധിശേഖരം 1659 മുതല്‍ 1826 വരെയുള്ള കാലഘട്ടത്തിലേതെന്ന് പുരാവസ്തുവകുപ്പിന്റെ പരിശോധനയില്‍ തെളിഞ്ഞു. കോഴിക്കോട് പഴശ്ശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ. കൃഷ്ണരാജ്, മ്യൂസിയം ഗൈഡ് വി.എ. വിമല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തളിപ്പറമ്പ് ആര്‍.ഡി.ഒ. ഓഫിസില്‍ സൂക്ഷിച്ച നിധിശേഖരം ബുധനാഴ്ച പരിശോധിച്ചത്. കാശുമാലകള്‍, സ്വര്‍ണമുത്തുകള്‍, ആലി രാജാവിന്റെ നാണയങ്ങള്‍, കണ്ണൂര്‍ പണം, സാമൂതിരിയുടെ രണ്ടു വെള്ളിനാണയങ്ങള്‍, ഇന്‍ഡോ-ഫ്രഞ്ച് നാണയങ്ങള്‍, പുതുച്ചേരി പണം, ജിമിക്കിക്കമ്മല്‍, മാലയില്‍ ഉപയോഗിക്കുന്ന കുറച്ചുമുത്തുകള്‍ എന്നിവയാണ് ശേഖരത്തില്‍ ഉണ്ടായിരുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് കാശുമാലകളാണ്.
ഇറ്റലിയിലെ വെനീഷ്യയിലെ മൂന്ന് ഭരണാധികാരികളുടെ (ഡ്യൂക്കുകള്‍) കാലത്ത് നിര്‍മിച്ച വെനീഷ്യന്‍ ഡക്കറ്റ് എന്ന സ്വര്‍ണനാണയങ്ങള്‍ ഉപയോഗിച്ചാണ് കാശുമാലകള്‍ നിര്‍മിച്ചതെന്നു കെ. കൃഷ്ണരാജ് പറഞ്ഞു. 1659 മുതല്‍ 1674 വരെ ഭരിച്ച ഡൊമനികോ കൊണ്ടാരിന, 1752 മുതല്‍ 1762 വരെ ഭരിച്ച ഫ്രാന്‍സിസ്‌കോ കോര്‍ഡാന്‍ 1763 മുതല്‍ 1778 വരെ ഭരിച്ച ആല്‍വിസ് മൊസാനിഗോ എന്നിവരുടെ കാലഘട്ടത്തിലെ ഡക്കറ്റുകളാണ് ഇവ. ഇത്തരത്തിലുള്ള സ്വര്‍ണത്തിന്റെ 13 കാശുമാലകളാണ് ലഭിച്ചത്. ഒരു കാശുമാലയ്ക്ക് അഞ്ചുഗ്രാം വരെ തൂക്കമുണ്ട്. ഫ്രാന്‍സിസ്‌കോ കോര്‍ഡാന്റെ പേരിലുള്ള നാല് നാണയങ്ങളുമുണ്ടായിരുന്നു.