കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനി പേമലമുകളേൽ വീട്ടിൽ ഉദയകുമാർ മകൻ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത് കുമാർ (20) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ സ്ഥലങ്ങളിൽ കൊലപാതകശ്രമം, മോഷണം, അടിപിടി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കടുത്തുരുത്തിയില്‍ കൊലപാതകശ്രമ കേസിൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരവേയാണ് ഇയാളെ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. ജനങ്ങളുടെ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു