ആലപ്പുഴ : ജില്ലയിൽ ആംബുലൻസുകളുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ വളരെ മുന്നിൽ. ദേശീയ ശരാശരി 22 എണ്ണമായിരിക്കുമ്പോൾ ജില്ലയിൽ 477 ആംബുലൻസുകളുണ്ട്. ദേശീയ ശരാശരിയനുസരിച്ച് ലക്ഷം ജനതയ്ക്ക് അടിസ്ഥാനസൗകര്യമുള്ള ഒരാംബുലൻസ് മതി. തദ്ദേശവകുപ്പ് 2023-ൽ എടുത്ത കണക്കുപ്രകാരം ആലപ്പുഴയിലെ ജനസംഖ്യ 22,10,134 ആണ്. ഇതനുസരിച്ച് 22 ആംബുലൻസാണ് ദേശീയ ശരാശരി. ആ സ്ഥാനത്താണ് 477 എണ്ണമുള്ളത്. അതായത് ജില്ലയിൽ 4,633 പേർക്ക് ഒരാംബുലൻസ് വീതമുണ്ട്.
സർക്കാർ ആശുപത്രികളുടെ കീഴിൽത്തന്നെ 28 എണ്ണമുണ്ട്. ജനറൽ ആശുപത്രി, ജില്ലാ ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്.
സർക്കാർ ആശുപത്രികളുടെ നിയന്ത്രണത്തിൽ പത്തെണ്ണമുള്ളതിൽ ഏഴെണ്ണം ബി.എൽ.എസ്. (ബേസിക് ലൈഫ് സപ്പോർട്ടിങ്) ആംബുലൻസും മൂന്നെണ്ണം ആധുനിക സൗകര്യങ്ങളോടുകൂടിയ എ.എൽ.എസ്. (അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ടിങ്) ആംബുലൻസുമാണ്. 108 ആംബുലൻസുകൾ പതിനെട്ടെണ്ണമുണ്ട്. തദ്ദേശസ്ഥാപനങ്ങൾക്ക് 78 എണ്ണമുണ്ട്. ആശുപത്രികളിലെ 28 കൂടി ചേർത്ത് പൊതുമേഖലയിൽ മാത്രം 106 എണ്ണം വരും. ദേശീയ ശരാശരിയെക്കാളും ഒൻപത് മടങ്ങിലധികം പൊതുവുടമസ്ഥതയിൽത്തന്നെയുണ്ട്. ഏറ്റവും കൂടുതലുള്ളത് സ്വകാര്യമേഖലയിൽത്തന്നെ. ആകെയുള്ള 477-ൽ 371 എണ്ണം. വിവിധ സന്നദ്ധസംഘടനകൾ, ട്രസ്റ്റുകൾ, ക്ലബ്ബുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണിവ.