കോഴിക്കോട് : സംസ്ഥാനത്ത് മലേറിയ (മലമ്പനി) കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു. തദ്ദേശീയ കേസുകളും ഇംപോർട്ടഡ് കേസുകളും (കേരളത്തിന് പുറത്തുനിന്ന് രോഗവ്യാപനം സംഭവിച്ചത്) വർധിക്കുന്നുണ്ട്. 2023ൽ ആറ് തദ്ദേശീയ കേസുകളും 560 ഇംപോർട്ടഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2024ൽ യഥാക്രമം 20ഉം 951ഉം ആയി ഉയർന്നു. ഏഴ്, ആറ് മരണങ്ങളാണ് ഈ വർഷങ്ങളിലുണ്ടായത്. ഈ വർഷം ഏപ്രിൽ 22 വരെ 214 ഇംപോർട്ടഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുടിയേറ്റത്തൊഴിലാളികളുടെ വർധനയും ഇതര സംസ്ഥാനങ്ങളിൽ ജോലി തേടുന്നവരുടെ എണ്ണം വർധിച്ചതുമാണ് രോഗം വർധിക്കാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
കലാവസ്ഥ വ്യതിയാനവും രോഗം വർധിക്കാൻ ഇടയാക്കുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അനോഫിലിസ് വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. കുടിയേറ്റത്തൊഴിലാളികളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലും രോഗം കണ്ടെത്തുന്നതും പ്രതിരോധത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. 2024ൽ തദ്ദേശീയ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ആറ് കേസുകളുമായി കോഴിക്കോട് ജില്ലയാണ് മുന്നിൽ. നാലുവീതം കേസുകളുമായി മലപ്പുറവും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. അപകടകരമായ രോഗം വർധിക്കുന്നത് ആരോഗ്യവകുപ്പും ആശങ്കയോടെയാണ് കാണുന്നത്.