തിരുവനന്തപുരം: കേരളത്തില്‍ രോഗികള്‍ ക്രമാനുഗതമായി കുറഞ്ഞു വരുകയാണ്. അതാത് ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നു മുതല്‍ 10 ശതമാനം വരെ കുറവ് രോഗ നിരക്കിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
രോഗം കുറയുകയാണോ എന്ന തോന്നല്‍ ഉണ്ടായേക്കാം. എന്നാല്‍ അത് അങ്ങനെ അല്ല. മുന്കരുതലുകളില് വീഴ്ച വരുത്താനുള്ള സാധ്യതയുണ്ട്. അത് അംഗീകരിക്കാനാകില്ല. ഒരിക്കല്‍ ഉച്ഛസ്ഥായിലെത്തിയ ശേഷം ആദ്യത്തേക്കാള്‍ മോശമായ അവസ്ഥയില്‍ പടര്‍ന്ന് പിടിക്കുന്ന അവസ്ഥ പൊതുവിലുണ്ട്.
കോവിഡ് മാറുന്ന ആളുകളില്‍ രോഗ സമയത്ത് ഉണ്ടാകുന്ന വിഷമതകള്‍ മരണകാരണമാകുന്നുണ്ട്. പോസ്റ്റ് കൊവിഡ് സിന്‍ഡ്രം ഉണ്ടാകുന്നുണ്ട്. അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടും അവശതകളും ദീര്‍ഘകാലം നിലനില്‍ക്കുന്നത് ചെറുതല്ലാത്ത ഒരു വിഭാഗത്തെ അലട്ടുന്നുണ്ട്. മരണ നിരക്ക് കുറവായത് കൊണ്ട് രോഗത്തെ നിസാര വത്കരിക്കരുത്.
ബ്രേക്ക് ദ ചെയിന്‍ ശക്തമാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജനങ്ങള്‍ പരമാവധി പിന്തുണ നല്‍കണം. ജീവനാണ് പരമപ്രധാനം. കോവിഡ് ബാധിച്ച എണ്ണത്തിന്റെ ഇരട്ടിയിലധികം ആളുകളെ മുന്‍കരുതല്‍ കാരണം കോവിഡ് വരാതെ കാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോവിഡ് മുക്തരായവര്‍ക്ക് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങിയിട്ടുണ്ട്. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ചകളില്‍ 12 മുതല്‍ രണ്ട് വരെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.