പത്തനംതിട്ട : ഫേസ്ബുക്ക് കൂട്ടായ്മയും നഗരസഭാ ഹരിത കർമ്മ സേനയും ചേർന്ന് മിനി സിവിൽ സ്റ്റേഷൻ മുറ്റത്ത് പൂന്തോട്ടമൊരുക്കി. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു. പാഴ്‌വസ്തുക്കൾ കൂടി ഉപയോഗപ്പെടുത്തി ഒരുക്കിയ പൂന്തോട്ടം ഓഫീസ് പരിസരത്തെ മാലിന്യമുക്തവും ഭംഗിയുള്ളതുമാക്കി. ഇത് സംരക്ഷിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമായി എല്ലാ ജീവനക്കാരും പൊതുജനങ്ങളും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെടിയും പൂവും കൂട്ടുകാരും എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് നടാനുള വിവിധ തരം ചെടികളുമായി എത്തിയത്. ഓഫീസ് സമുച്ചയങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബയോബിന്നുകളിലെ ജൈവമാലിന്യത്തിൽ നിന്ന് ഹരിതകർമ്മസേന തയ്യാറാക്കിയ പാം ബയോ ഗ്രീന്‍ മാന്വർ എന്ന ജൈവ വളം നൽകി. പിന്തുണയുമായി നഗരസഭയും ശുചിത്വമിഷനും ഗ്രീൻവില്ലേജുമെത്തിയതോടെ പൂന്തോട്ടത്തിൻ്റെ ഭംഗിയിൽ കൂട്ടായ്മയുടെ സന്തോഷവും ഒത്തുചേർന്നു.
മിനി സിവിൽ സ്റ്റേഷനിലെ കാട് വളർന്ന് മാലിന്യം മൂടിക്കിടന്ന സ്ഥലത്ത് ഓഫീസിലെ സഹപ്രവർത്തകർ ചേർന്ന് കുറച്ചു ചെടികൾ നട്ടു. നിരവധി പേർ ഇതിൻ്റെ ഫോട്ടോ പകർത്തുന്നത് കണ്ടപ്പോൾ കൂടുതൽ ഊർജ്ജമായി. വർഷങ്ങളായി കൂട്ടിയിട്ടിരുന്ന വിവിധ ഓഫീസ് വാഹനങ്ങളുടെ പഴയ ടയറുകൾ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ക്യാനുകൾ എന്നിവ ഉപയോഗിച്ച് പൂന്തോട്ടം വിപുലപ്പെടുത്താം എന്ന ആശയം പങ്കുവെച്ചപ്പോൾ ഫേസ്ബുക്ക് കൂട്ടായ്മയിലെ സുഹൃത്തുക്കളും ഒപ്പം ചേർന്നു. വീട്ടുമുറ്റത്തെപ്പോലെ ഇവിടത്തെ ചെടികളെയും സംരക്ഷിക്കുന്നതിന് സന്തോഷമാണ് എന്ന് പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്ത ജി എസ് ടി വകുപ്പിലെ അസിസ്റ്റൻ്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ ജി.ലേഖ പറഞ്ഞു. കെ എസ് ഡബ്ല്യു എം പി കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് ശ്രീവിദ്യ ബാലൻ, പ്രോഗ്രാം നോഡൽ ഓഫീസർ മഞ്ചു പി സക്കറിയ, ഗ്രീൻ വില്ലേജ് സീനിയർ പ്രൊജക്ട് കോഡിനേറ്റർ കെ എസ് പ്രസാദ്, ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡൻ്റ് ഷീനാ ബീവി, സെക്രട്ടറി ബിന്ദു കെ, തുടങ്ങിയവർ പങ്കെടുത്തു.