ഇംഫാൽ: മണിപ്പൂരിൽ കുക്കി വനിതകളെ ആൾകൂട്ടം നഗ്നരായി നടത്തി ലൈംഗികാതിക്രമം നടത്തുന്നതിന്റെ ഞെട്ടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മെയ് നാലിന് നടന്ന സംഭവത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ആൾക്കൂട്ടത്തിന്റെ അതിക്രമത്തിനിരയായ സ്ത്രീകളുടെ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്. ദ വയറിനോടാണ് രണ്ട് സ്ത്രീകളും പ്രതികരണം നടത്തിയത്. സംഭവം നടക്കുമ്പോൾ മണിപ്പൂർ പോലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നും എന്നാൽ സഹായിക്കാനെത്തിയില്ലെന്നും അതിക്രമത്തിനിരയായ സ്ത്രീകളിലൊരാൾ പറഞ്ഞു. ഒരു തരത്തിലും സഹായിക്കാനായി പോലീസ് മുന്നോട്ട് വന്നില്ല.
നാല് പോലീസുകാർ അവരുടെ കാറിൽ നിന്നും ഇറങ്ങാൻ പോലും തയാറായില്ലെന്ന് രണ്ടാമത്തെ സ്ത്രീയും വയറിനോട് വെളിപ്പെടുത്തി. മണിപ്പൂർ കലാപത്തിനിടെ ഇവരുടെ പിതാവും കൊല്ലപ്പെട്ടിരുന്നു. മണിപ്പൂരിൽ കലാപം തുടങ്ങിയതിന് പിന്നാലെ മെയ് നാലിന് മെയ്തേയി വിഭാഗക്കാരുടെ സംഘം ഫിനോം ഗ്രാമത്തിലെത്തുന്നതിന് മുമ്പായി കുക്കി വിഭാഗത്തിലെ ഭൂരിപക്ഷം പേരും സ്ഥലം വിട്ടിരുന്നു. എന്നാൽ, വിഡിയോയിൽ കണ്ട രണ്ട് സ്ത്രീകളുടേയും കുടുംബാംഗങ്ങൾക്ക് രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല. പിന്നീട് ഇവരെയാണ് മെയ്തേയി സംഘം പിടികൂടുകയും നഗ്നരാക്കി നടത്തിക്കുകയും ചെയ്തത്.