കോന്നി : സഖാവ് ആർ രവീന്ദ്രന്റെയും സി കെ സാലിയുടെയും ജീവിതം പുതിയ തലമുറ പാഠപുസ്തകമാക്കി പഠിക്കേണ്ടതാണെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു. കോന്നിയിൽ ആർ രവീന്ദ്രൻ – സി കെ സാലി സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്ത ശേഷം പൊതു സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യുണിസ്റ്റ് പാർട്ടി സാധാരണ പാർട്ടിയല്ല. ആളുകൾ തെറ്റുകൾ ചെയ്യാതിരിക്കാനും തെറ്റുകൾ തിരുത്തുകയും ചെയ്യുന്ന പാർട്ടിയാണ് ഈ പാർട്ടി. കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയുമായും ലോകവുമായും ബന്ധമുണ്ട്. ഒരു കാലത്ത് തറവാടുകൾ ഉണ്ടായിരുന്ന കേരളത്തിൽ തറവാടുകളിൽ നിന്നും ഇറങ്ങി സാധാരണ ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങി പ്രവർത്തിച്ചവർ ആണ് പൊതുപ്രവർത്തകരായത്. വിദ്യാഭ്യാസത്തിൽ കൂടി മാത്രമേ മാറ്റം സാധ്യമാവുകയുള്ളു. ആർ രവീന്ദ്രന്റെയും സി കെ സാലിയുടെയും ജീവിതം ഇന്നത്തെ പുതിയ തലമുറ പാഠമാക്കേണ്ടത് ആണ്. അന്നത്തെ രാഷ്ട്രീയ പ്രവർത്തകർ സാധാരണക്കാരുടെ മനസ്സ് അടുത്ത് അറിഞ്ഞവർ ആണ്. 1939 ലാണ് കേരളത്തിൽ കണ്ണൂർ ജില്ലയിലെ പാറപുറത്ത് ആദ്യമായി കമ്യുണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചത്.
1957 ൽ കേരളത്തിൽ ഉണ്ടായ തിരഞ്ഞെടുപ്പിൽ കമ്യുണിസ്റ്റ് പാർട്ടിക്ക് ഉണ്ടായ വിജയം പ്രധാനപെട്ടത് ആണ്. ഈ ലോകം ജയിച്ചവർക്ക് വേണ്ടി മാത്രം ഉള്ളതല്ല. തോറ്റവർക്ക് വേണ്ടി കൂടി ഉള്ളത് ആണ്. അവർ തോറ്റതിനാൽ ആണ് ചിലർ ജയിച്ചത് എന്നും അദ്ദേഹം കൂട്ടിചേർത്തു. സി പി ഐ കൂടൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കൊല്ലൻപടി അധ്യക്ഷത വഹിച്ചു. കേരളമഹിളാസംഘം സംസ്ഥാന സെക്രട്ടറി ഈ എസ് ബിജിമോൾ മുഖ്യ പ്രഭാഷണം നടത്തി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി ആർ ഗോപിനാഥൻ, അഡ്വ. രാഖിരവികുമാർ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ മലയാലപുഴ ശശി, എം പി മണിയമ്മ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ, പി ഡി പി എൽ യൂണിയൻ സെക്രട്ടറി ഇളമണ്ണൂർ രവി, കേരള മഹിളാ സംഘം സംസ്ഥാന കമ്മറ്റി അംഗം സുമതി നരേന്ദ്രൻ, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി വിജയമ്മ ഭാസ്കരൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങൾ ആയ വിജയ വിൽസൺ, ബീന മുഹമ്മദ് റാഫി, മലയാലപുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, പി എസ് ഗോപാലകൃഷ്ണപിള്ള, അന്തരിച്ച നേതാവ് ആർ രവീന്ദ്രന്റെ സഹോദരി സുഭദ്ര തുടങ്ങിയവർ സംസാരിച്ചു.