കൊളംബോ : ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്.ആക്ടിംഗ് പ്രസിഡന്റ് റെനിൽ വിക്രമസിംഗെയെ കൂടാതെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ(എസ്എൽപിപി) വിഘടിത വിഭാഗം നേതാവ് ദുള്ളാസ് അലഹരപ്പരുമയും ഇടതുകക്ഷിയായ ജനത വിമുക്തി പെരുമുനയുടെ അനുര കുമാര ദിസനായകെയും തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ട്. മുഖ്യപ്രതിപക്ഷമായ സമാഗി ജനബലവേഗേയ നേതാവ് സജിത്ത് പ്രേമദാസ അവാസന നിമിഷം മത്സര രംഗത്ത് നിന്നും പിന്മാറി.
225 അംഗ സഭയിൽ വിക്രമസിംഗെക്ക് 113 പേരുടെ പിന്തുണ ആവശ്യമാണ്. നിലവിൽ 97 അംഗങ്ങളാണ് വിക്രമസിംഗെയ്‌ക്കൊപ്പമുള്ളത്. അതേസമയം റെനിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ തെരുവിൽ വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഗൊതബയയുടെ കാലാവധി അവസാനിക്കുന്ന 2024 വരെയാണ് പുതിയ പ്രസിഡന്റിന് തുടരാനാവുക.
പാര്‍ലമെന്റില്‍ രഹസ്യ ബാലറ്റിലൂടെ നടക്കുന്ന വോട്ടെടുപ്പില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥി ആകെ വോട്ടില്‍ പകുതിയിലേറെ നേടിയിരിക്കണം. അംഗങ്ങള്‍ ബാലറ്റില്‍ അവര്‍ രണ്ടാമതും മൂന്നാമതും നിര്‍ദേശിക്കുന്നവരുടെ പേരും രേഖപ്പെടുത്തണം. ഏറ്റവും കുറവ് വോട്ട് കിട്ടിയ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കും. ഇദ്ദേഹത്തിന് ലഭിച്ച സെക്കന്റ് പ്രിഫറന്‍സ് വോട്ടുകള്‍ മറ്റ് സ്ഥാനാര്‍ത്ഥികളുടെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്നാണ് വിജയിയെ നിശ്ചയിക്കുക.