തിരുവനന്തപുരം: സംസ്ഥാനത്ത് ആഘോഷങ്ങൾ കഴിഞ്ഞിട്ടും പിടിതരാതെ ചിക്കൻവില കുതിക്കുന്നു. ഈസ്റ്ററും റംസാനും വന്നതോടെയാണ് വില കുത്തനെ ഉയർത്തിയത്. പിന്നീട് കുറച്ചില്ല. ഒരു കിലോ ലൈവ് ചിക്കന് തെക്കൻ കേരളത്തിൽ 170 രൂപ മുതൽ 190 രൂപ വരെ ഈടാക്കുന്നുണ്ട്. 40 രൂപയാണ് ഒരാഴ്ചയ്ക്കിടയിൽ വർദ്ധിച്ചത്. വടക്കൻ ജില്ലകളിൽ 220 രൂപ വരെ വാങ്ങുന്ന ഇടങ്ങളുണ്ട്. കെപ്കോയിൽ തൊലികളഞ്ഞ ചിക്കൻ ഒരു കിലോയ്ക്ക് 236 രൂപയാണ്. ബിരിയാണി കട്ട് ഇറച്ചിക്ക് 273 രൂപ. വടക്കൻ കേരളത്തിൽ ഇപ്പോൾ ബ്രാൻഡഡ് ചിക്കന് 253-266 രൂപയും ബോൺലെസ് ചിക്കന് കിലോയ്ക്ക് 400-420 രൂപ വരെയുമാണ് വില. കോഴിഫാമുകൾ കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് അനാവശ്യമായി വില വർദ്ധിപ്പിക്കുകയാണെന്നാണ് കച്ചവടക്കാർ പറയുന്നത്.
സംസ്ഥാനത്തെ ബ്രോയിലർ കോഴികളുടെ ഉത്പാദനം കുറഞ്ഞത് കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കോഴി ലോബികൾ മുതലെടുക്കുകയാണെന്നും വ്യാപാരികൾ പറയുന്നു. സംസ്ഥാനത്ത് ഒരു ദിവസം 9 മുതൽ 10 ലക്ഷം വരെ കോഴികളെയാണ് വില്ക്കുന്നത്. പ്രദേശികാടിസ്ഥാനത്തിൽ കോഴിഫാമുകൾ ഉണ്ടെങ്കിലും കാലാവസ്ഥാവ്യതിയാനം കാരണം കോഴികൾ ചത്തുപോകുന്നത് മുന്നിൽ കണ്ട് കോഴിവളർത്തൽ കുറിച്ചിരിക്കുകയാണ്. ചൂട് താങ്ങാനാകാതെ നിരവധി കോഴികൾ ചാകുന്നതും വിലവർദ്ധനയ്ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.