കൽപ്പറ്റ : തേയിലത്തോട്ടങ്ങളിൽ തളിരിട്ട പ്രതീക്ഷകൾ കേന്ദ്രസർക്കാരിന്റെ ഇറക്കുമതി നയത്തിൽ പൊലിയുന്നു. അയൽ രാജ്യങ്ങളിൽനിന്ന് നിലവാരം കുറഞ്ഞ തേയിലപ്പൊടിയുടെ ഇറക്കു മതിയിൽ പച്ചക്കൊളുന്തിന്റെയും പൊടിയുടെയും വില കുത്തനെ ഇടിഞ്ഞു. മൂന്നുമാസം മുമ്പുവരെ പച്ചക്കൊളുന്തിന് കിലോക്ക് 32 രൂപയുണ്ടായിരുന്ന സ്ഥാനത്തിപ്പോഴുള്ളത് 13 രൂപ മാത്രം.
ഇലത്തേയിലക്ക് 200 രൂപവരെയുണ്ടായിരുന്നത് നൂറിലെത്തി. നേരിയ പൊടിക്ക് 270 വരെയുണ്ടായിരുന്നത് 140 ലെത്തി. നിലവാരം കുറഞ്ഞ തേയില പ്പൊടിയുടെ ഇറക്കുമതിയും കൂടുതൽ തേയില ഉപഭോഗമുള്ള രാജ്യങ്ങളായ പാകിസ്ഥാൻ അഫ്‌ഘാനിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചതുമാണ് വിലയിടിയാനുള്ള പ്രധാന കാരണമായി പറയുന്നത്. കെനിയ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് നികുതിയില്ലാതെ ഗുണനിലവാരം കുറഞ്ഞ തേയിലപ്പൊടി ഇറക്കുമതി ചെയ്യുന്നത്. വെള്ളപ്പൊക്കത്തിലും മഞ്ഞുവീഴ്‌ചയിലും അസം, ഹിമാചൽ പ്രദേശ്, പശ്ചിമബംഗാൾ, ത്രിപുര, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലെ തേയില ഉൽപ്പാദനം കുറഞ്ഞതിനാലാണ് ഇറക്കുമതിയെന്നാണ് ന്യായീകരണം.
കെനിയയിൽ കിലോക്ക് 100 രൂപയിൽ താഴെ വിലവരുന്ന ഗുണനിലവാരം കുറഞ്ഞ പൊടി ഇന്ത്യൻ തേയിലയുമായി കൂട്ടിക്കലർത്തി കയറ്റുമതിയും വിൽപ്പനയും നടത്തുന്നത് രാജ്യാന്തര വിപണിയിൽ ഇന്ത്യൻ തേയിലയുടെ ഡിമാൻഡ് കുറയ്‌ക്കാനും ഇടയാക്കിയിട്ടുണ്ട്. തേയില ഉൽപ്പാദനത്തിൽ രണ്ടാംസ്ഥാനത്തുള്ള രാജ്യത്താണ് വൻതോതിലുള്ള ഇറക്കുമതി. പ്രതിവർഷം 139 കോടി കിലോ തേയിലയാണ് ഇന്ത്യയിലെ ഉൽപ്പാദനം. ഇറക്കുമതികാരണം തേയിലപ്പൊടി സ്റ്റോക്കുള്ള ഫാക്ടറികളൊന്നും ചെറുകിട കർഷകരുടെ പച്ചക്കൊളുന്ത് വാങ്ങുന്നില്ലെന്നും അതിനാൽ മൂത്ത് നശിക്കുകയാണെന്നും കർഷകർ പറയുന്നു. കിലോക്ക് 10.33 രൂപയാണ് തേയില ബോർഡ് കഴിഞ്ഞമാസം പ്രഖ്യാപിച്ച തറവില. വിലയിടിവ് കണക്കിലെടുത്ത് ഈ മാസം തറവില പ്രഖ്യാപിച്ചിട്ടുമില്ല.