കോഴിക്കോട്: പെരുന്നാള്‍ വിപണിയില്‍ കൈപൊള്ളിച്ച് അവശ്യ സാധന വില കുതിക്കുന്നു. ഒരാഴ്ചയായി പച്ചക്കറി, മത്സ്യം, മാംസം എന്നിവയ്‌ക്കെല്ലാം പൊളളും വിലയാണ്. പച്ചക്കറിക്ക് 10- 20 രൂപ വരെ വില കൂടിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് 100 രൂപയുണ്ടായിരുന്ന ഉണ്ട പച്ചമുളകിന് കിലോയ്ക്ക് 160 രൂപയായി. കഴിഞ്ഞ ഒരാഴ്ചക്കിടെ പാളയം മാര്‍ക്കറ്റില്‍ തക്കാളിയ്ക്ക് 58 രൂപയും മുരിങ്ങയ്ക്ക് 70 രൂപയുമായി. ബീന്‍സിനും പാവക്കയ്ക്കും കിലോയ്ക്ക് 100 രൂപയാണ്. കിലോയ്ക്ക് 20 രൂപയുള്ള ചുരങ്ങയ്ക്ക് മാത്രമാണ് വില കൂടാതെ നില്‍ക്കുന്നത്. കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയില്‍ ഉത്പാദനം കുറഞ്ഞതും കൃശിനാശമുണ്ടായതുമാണ് മലയാളിയ്ക്ക് തിരിച്ചടിയായത്.
പച്ചക്കറിക്കൊപ്പം മത്സ്യം, മാംസം എന്നിവയ്ക്കും വില കുതിക്കുകയാണ്. മിക്കയിനം മീനുകളുടെയും വില കിലോയ്ക്ക് 250 കടന്നു. കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന മത്തി വില കിലോയ്ക്ക് 300 ആയി. ട്രോളിംഗ് നിരോധനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും കുറഞ്ഞതാണ് മീന്‍ വില കുതിച്ചുയരാന്‍ കാരണമായത്. 380 മുതല്‍ 420 രൂപ വരെയാണ് പോത്തിറച്ചിയുടെ വില. എല്ലില്ലാത്തത് ലഭിക്കാന്‍ 420 രൂപ നല്‍കണം. മൂരിയിറച്ചിയ്ക്ക് 420 രൂപയാണ്. കിലോയ്ക്ക് 300 രൂപ ഉണ്ടായിരുന്ന ആട്ടിറച്ചിയ്ക്ക് 800 രൂപയായി.