ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. റഷ്യൻ പ്രസിഡൻ്റിന് തിരുവള്ളുവർ രചിച്ച തിരുക്കുറലിൻ്റെ റഷ്യൻ പരിഭാഷ പ്രധാനമന്ത്രി മോദി സമ്മാനിച്ചു. റഷ്യ – യുക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിനുള്ള സാധ്യത കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030-ൽ 10 ലക്ഷം കോടിയിലേക്ക് ഉയർത്താനുള്ള ധാരണയും ഈ ചർച്ചയിലുണ്ടായി. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാനുമായി പ്രധാനമന്ത്രി മോദി ഉടൻ കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങുമായി നാളെയാണ് ചർച്ച. സാമ്പത്തിക സഹകരണം അടക്കമുള്ള വിഷയങ്ങൾ അജണ്ടയിലുണ്ട്. അതേസമയം ഉച്ചകോടിയെച്ചൊല്ലി കോൺഗ്രസിൽ കടുത്ത ഭിന്നത മറനീക്കി പുറത്തുവന്നു.
തിരുവള്ളുവർ രചിച്ച തിരുക്കുറലിൻറെ പ്രാധാന്യം വിശദീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഇതിൻറെ റഷ്യൻ പരിഭാഷ സമ്മാനിച്ചത്. അഹിംസയുടെയും സഹാനുഭൂതിയുടെയും സന്ദേശം നൽകുന്ന തിരുക്കുറലിൻറെ റഷ്യൻ പരിഭാഷ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴാണ് പ്രസിദ്ധീകരിച്ചത്. മോദിയും പുടിനുമായുള്ള കൂടിക്കാഴ്ച മുക്കാൽ മണിക്കൂർ നീണ്ടു. റഷ്യ-യുക്രെയിൻ സംഘർഷം പരിഹരിക്കുന്നതിന് നടക്കുന്ന നീക്കങ്ങൾ ഇരു നേതാക്കളും വിലയിരുത്തി. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള വ്യാപാരം 2030-ഓടെ 10 ലക്ഷം കോടിയുടേതാക്കി ഉയർത്തും. രണ്ട് രാജ്യങ്ങളിലെയും വ്യവസായികൾക്കിടയിലുള്ള ബന്ധം ശക്തമാക്കും. വൈദഗ്ധ്യം നേടിയ ഇന്ത്യക്കാർക്ക് റഷ്യയിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കും. ആണവോർജ്ജം അവശ്യ ധാതുക്കൾ എന്നിവയുടെ കാര്യത്തിൽ സഹകരണം ശക്തമാക്കാനും ധാരണയായി.






























