റാന്നി: പെരുനാട് മണ്ണിടിച്ചില്‍ ഉണ്ടായി ലൈഫില്‍ പണിതുകൊണ്ടിരിക്കുന്ന വീടുകള്‍ അപകടാവസ്ഥയിലായ പ്രശ്‌നം റവന്യൂ തദ്ദേശസ്വരണ വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പെരുനാട്, വാഴയില്‍ ബിന്ദുവിന്റെ വീടാണ് അപകടാവസ്ഥയിലായത്. 2018ലാണ് ലൈഫ് ഭവന പദ്ധതിക്കായി ബിന്ദു അപേക്ഷ നല്‍കിയിരുന്നത്. സ്വന്തമായി വസ്തു ഇല്ലാത്തതിനാല്‍ ഇവര്‍ ചൂണ്ടിക്കാട്ടിയ വസ്തു വാങ്ങുന്നതിനായി പഞ്ചായത്ത് തന്നെ രണ്ടുലക്ഷം രൂപയും നല്‍കിയിരുന്നു. വീടും വസ്തുവും ഇല്ലാത്ത നാല് പേര്‍ക്ക് പഞ്ചായത്ത് തന്നെയാണ് ഇവിടെ വസ്തു വാങ്ങാന്‍ ഇത്തരത്തില്‍ പണം നല്‍കിയത്.
ബിന്ദുവും വേറൊരു കുടുംബവുമാണ് ഇപ്പോള്‍ ഇവിടെ വീട് പണിതു കൊണ്ടിരിക്കുന്നത്. വീടിന്റെ നിര്‍മ്മാണം ഏകദേശം 80 ശതമാനം പൂര്‍ത്തിയായപ്പോഴാണ് വീടിന്റെ മുറ്റം ഇടിഞ്ഞ് താഴെ നിര്‍മ്മിക്കുന്ന വീടിന്റെ മുറ്റത്തേക്ക് വീണിരിക്കുന്നത്. അപകടകരമായ രീതിയിലാണ് ഇവിടെ വെള്ളം ഒഴുക്ക് ഉണ്ടായിരിക്കുന്നത് വീടിന്റെ ഭിത്തികള്‍ക്കും വിള്ളല്‍ ഉണ്ട്. കുത്തനെയുള്ള ഈ സ്ഥലത്ത് ഇനി വീട് പണി തുടരാന്‍ അനുയോജ്യമാണോ എന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ജിയോളജിസ്റ്റിനോട് എംഎല്‍എ ആവശ്യപ്പെട്ടിരിക്കുകയാണ്. വാര്‍ഡ് മെമ്പര്‍ അജിതാ റാണി, റോബിന്‍ കെ തോമസ് എന്നിവര്‍ എംഎല്‍ യോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.