പത്തനംതിട്ട : വ്യാപാരികളില്‍ നിന്നും കൂടിയ നിരക്കില്‍ തൊഴില്‍ കരം പിരിക്കുവാനുള്ള പത്തനംതിട്ട നഗരസഭയുടെ തീരുമാനം പിന്‍വലിച്ചു. പഴയ നിരക്കില്‍ പത്തനംതിട്ട നഗരസഭാ പ്രദേശത്തെ വ്യാപാരികള്‍ക്ക് കരം അടക്കാം. വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി കുറവ് ചെയ്യണമെന്നുള്ള അപേക്ഷയും ഒപ്പം നല്‍കണം. പിഴ കൂടാതെ നികുതി അടക്കുവാനുള്ള അവസാന ദിവസം സെപ്തംബര്‍ 30 (നാളെ) ആണ്. അത് കഴിഞ്ഞാല്‍ പിഴപ്പലിശ നല്‍കി നികുതി അടക്കാം.
അശാസ്ത്രീയമായും അന്യായമായും തൊഴില്‍ കരം വര്‍ദ്ധിപ്പിച്ചതിനെതിരെ പത്തനംതിട്ടയിലെ വ്യാപാരികള്‍ കഴിഞ്ഞദിവസം പ്രതിഷേധ സമരം നടത്തിയിരുന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റിന്റെ നേത്രുത്വത്തില്‍ പത്തനംതിട്ട നഗരസഭാ ഓഫീസിനു മുമ്പിലും പത്തനംതിട്ട വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്രുത്വത്തില്‍ സിവില്‍ സ്റ്റേഷന് മുമ്പിലുമായിരുന്നു സമരം. ഇന്ന് വൈകുന്നേരത്തോടെ സംഘടനാ പ്രതിനിധികളെ നഗരസഭാ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് കൂടിയ നിരക്കിലുള്ള തൊഴില്‍ക്കരം ഇപ്പോള്‍ ഇടാക്കേണ്ടതില്ലെന്ന് നഗരസഭ തീരുമാനിച്ചത്.