കോഴിക്കോട്: നഗരത്തിൽ നിന്നും കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ ഇനിയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് വീണ്ടും പരാതി നൽകാനൊരുങ്ങി കുടുംബം. ബാലുശ്ശേരി സ്വദേശിയായ മുഹമ്മദ് ആട്ടൂരിനെ പത്തുമാസം മുൻപാണ് കാണാതായത്. ഇപ്പോൾ പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയ്ക്ക് വീണ്ടും പരാതി നൽകാനൊരുങ്ങുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 21-നാണ് മുഹമ്മദ് ആട്ടൂരെന്ന മാമിയെ കാണാതായത്. രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും പോയ മാമിയെ ഉച്ചയ്ക്ക് രണ്ട് മണിക്കും വൈകീട്ട് നാല് മണിക്കും 6:50-നും ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നുവെന്നാണ് ഭാര്യ റംലത്ത് പറയുന്നത്. ഏഴുമണിക്ക് വീണ്ടും വാട്സ്ആപ്പിൽ മെസേജ് അയച്ചു. 7:20-ന് മറുപടി വന്നു. പിന്നീട് ആളെ കുറിച്ച് ഒരു വിവരവും ഇല്ലെന്നും റംലത്ത് പറയുന്നു.
തൊട്ടടുത്ത ദിവസം മുഹമ്മദ് ആട്ടൂരിനെ വിളിച്ചിട്ട് കിട്ടാതിരുന്ന ചില ആളുകൾ തന്റെ ഫോണിലേക്ക് വിളിച്ചപ്പോളാണ് സംശയം തോന്നിയത്. ഡ്രൈവറെ വിളിച്ചപ്പോൾ അന്നേ ദിവസം ഒരു വസ്തുവിന്റെ രജിസ്ട്രേഷൻ ഉണ്ടെന്നുള്ള വിവരം കിട്ടുകയും രജിസ്ട്രേഷൻ നടത്താനുള്ള ആളെ വിളിച്ചപ്പോൾ മാമി എത്തും എന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ രജിസ്ട്രേഷന് എത്തിയില്ല എന്ന വിവരങ്ങളാണ് പിന്നീട് ലഭിച്ചത്. മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 600-ൽ പരം ആളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട് 240-ലധികം ആളുകളുടെ മൊഴിയെടുത്തു. 100-ലധികം മൊബൈൽ ഫോണുകളും പരിശോധിച്ചു. ഇതര സംസ്ഥാനങ്ങളിൽ ഉൾപ്പടെ അന്വേഷണവും നടത്തിയെങ്കിലും ആളെക്കുറിച്ച് പക്ഷെ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.