ഡല്‍ഹി: കേന്ദ്രസർവീസുകളിൽ സംവരണതത്ത്വം അട്ടിമറിക്കപ്പെടുന്നെന്നും ഒ.ബി.സി., എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യംപോലും ലഭിക്കുന്നില്ലെന്നുമുള്ള കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നിരന്തരപ്രചാരണം സമൂഹത്തിലേശിത്തുടങ്ങുന്നു എന്ന തിരിച്ചറിവാണ് ലാറ്ററൽ എൻട്രി നിയമനം പിൻവലിക്കുന്നതിൽ ബി.ജെ.പി. സർക്കാരിനെ എത്തിച്ചത്. ഹരിയാണയും മഹാരാഷ്ട്രയും ഝാർഖണ്ഡും ജമ്മു-കശ്മീരുമടക്കം നാലിടത്തു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സാമൂഹികനീതി-ജാതി സെൻസസ് വിഷയം ഉയർത്താൻ കോൺഗ്രസ് തീരുമാനിച്ചതും കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ വിഷയം ഉയർത്തിയത് കോൺഗ്രസ്-എസ്.പി. സഖ്യത്തിന് മണ്ഡൽരാഷ്ട്രീയത്തിന്റെ കേന്ദ്രമായ ഉത്തർപ്രദേശിൽ വലിയ മുന്നേറ്റമാണുണ്ടാക്കിയത്.
കോൺഗ്രസും രാഹുലും ലാറ്ററൽ എൻട്രി സംവരണനിഷേധമായി ചൂണ്ടിക്കാട്ടി മുന്നോട്ടുപോവുന്നത് വലിയ തിരിച്ചടിയാവുമെന്ന് ജെ.ഡി.യു.വും എൽ.ജെ.പി.യുംകൂടി ചൂണ്ടിക്കാട്ടിയതോടെ ബി.ജെ.പി. അപകടം മണത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുൻപ് ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുന്നതിനെ രാഹുൽ എതിർത്തിരുന്നു. ഭാരത് യാത്രയിലും പത്രസമ്മേളനങ്ങളിലും ലോക്‌സഭയിലും വിവിധമന്ത്രാലയങ്ങളിലെ 90 സെക്രട്ടറിമാരിൽ വെറും മൂന്നുപേർ മാത്രമാണ് ഒ.ബി.സി. വിഭാഗത്തിൽനിന്നുള്ളതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.