പത്തനംതിട്ട: പി.ആർ ഗ്രൂപ്പ് മിനിക്കുപണികളുടെ വലയം ഭേദിച്ച് തനി സ്വരൂപം പുറത്തു ചാടുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാരചടങ്ങിൽ മന്ത്രിമാരോ അത്തരത്തിലുള്ള സർക്കാർ പ്രതിനിധികളോ പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. നവ കേരള സദസ്സിൽ നിന്ന് മന്ത്രിമാർക്ക് വിട്ടു നിൽക്കാൻ കഴിയാത്തതുകൊണ്ടാണ് വരാഞ്ഞതെന്ന മുഖ്യമന്ത്രിയുടെ ന്യായവാദം യുക്തിക്കു നിരക്കാത്തതും പച്ചക്കളളവുമാണ്. കരുനാഗപ്പള്ളി മുൻ എം.എൽ എയുടെ സംസ്കാര ചടങ്ങിന് രണ്ടു മന്ത്രിമാരെ അയച്ചിരുന്നു. മറ്റു ചിലയിടങ്ങളിലും നവ കേരള സദസ്സിനിടയിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുത്തിട്ടുണ്ട്. എല്ലാവരും കണ്ട ഇക്കാര്യം മറച്ചുവെച്ചു കൊണ്ടാണ് മുഖ്യമന്ത്രി അവാസ്തവമായ ന്യായവാദം ഉന്നയിക്കുന്നത്.
പരിമിതിമായ സാഹചര്യങ്ങളിൽ നിന്ന് കഠിനാദ്ധ്വാനവും സമർപ്പണവും കൊണ്ട് എല്ലായിടങ്ങളിലും ഒന്നാമതായി വിളങ്ങി രാജ്യത്തെ ഉത്തുംഗപദവികൾ പലതും അലങ്കരിച്ചു അസാധാരണങ്ങളിൽ അസാധാരണമായ മഹത് വ്യക്തിത്വമായി നമ്മുടെ നാടിനെ അഭിമാനത്തിന്റെ നെറുകയിൽ പ്രതിഷ്ടിച്ച ജസ്റ്റിസിന് ആദരം അർപ്പിക്കാൻ മന്ത്രിമാർ എത്താതിരുന്നത് ഗുരുതരമായ വീഴ്ചയും കുറ്റകരമായ കൃത്യവിലോപവുമാണ്. സ്ഥലം എം. എൽ. എ കൂടിയായ ആരോഗ്യമന്തി ഈ പ്രതിപട്ടികയിലെ ഒന്നാം പ്രതിതന്നെയാണ്. ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ ഒരിക്കലും അവർക്കാവില്ല. അരിയും തിന്ന് വീട്ടുകാരിയെയും കടിച്ചു എന്നിട്ടും നായ്ക്ക് മുറുമുറപ്പ് എന്നു പറയുന്നതുപോലെയാണ് ഇതു ചൂണ്ടിക്കാട്ടുന്നവരോട് അസഹിഷ്ണുതയും ആക്രോശവും പ്രകടിപ്പിക്കുന്നത്. ഇതു ജനാധിപത്യവിരുദ്ധവും ധാർഷ്ട്യവുമാണ്. ജമാഅത്ത് കമ്മിറ്റിയുടെ അഭിപ്രായ പ്രകടനത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രി അധികാരഗർവാണ് കാണിച്ചത്. ഇതിനും ജസ്റ്റിസ് ഫാത്തിമ ബീവിയോട് അനാദരവു കാട്ടിയതിനും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.