പത്തനംതിട്ട: ഫലസ്തീൻ ജനത നടത്തുന്നത് പിറന്ന മണ്ണിൽ ജീവിക്കാനുള്ള ചെറുത്തുനിൽപ്പാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ. മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം ഫലസ്തീനികളുടെ അവകാശമാണ്, ഫലസ്തീൻ്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി ലോകരാജ്യങ്ങൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയ്ക്കുള്ള പിന്തുണ ഇന്ത്യ തുടരുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് സമീപം നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭയം നൽകിയവരെയാണ് ഇസ്രയേൽ കൂട്ടക്കുരുതി നടത്തുന്നത്. നിരോധിത മാരകായുധങ്ങള്‍ പ്രയോഗിച്ചതായി ആക്ഷേപമുയരുന്നു. മുൻ വര്‍ഷങ്ങളില്‍ നടത്തിയ സൈനികാതിക്രമങ്ങളില്‍ പതിനായിരക്കണക്കിന് ഫലസ്തീൻ കുടുംബങ്ങളെ നിശ്ശേഷം തകര്‍ത്തു, കോളനികൾ നിലംപരിശാക്കി. ഉപരോധിത പ്രദേശത്തെ അത്യാവശ്യ അടിസ്ഥാനാവശ്യ ഉപാധികള്‍ ഒന്നൊഴിയാതെ നശിപ്പിച്ചു. സമാനതകളില്ലാത്ത ക്രൂരതയാണ് ഇസ്രയേൽ നടത്തുന്നതെന്നും അതിന് ഇന്ത്യ നൽകുന്ന പിന്തുണ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഓർഗനൈസർ ഷെയ്ക്ക് നജീർ, ജില്ലാ ട്രഷറർ ഷാജി കോന്നി, ജില്ലാ സെക്രട്ടറിയേറ്റംഗം എം ഡി ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷൈജു ഉളമ, സിയാദ് നിരണം എന്നിവർ സംസാരിച്ചു.