കെനിയ : പരീക്ഷണശാലയിൽ തയ്യാറാക്കിയ ഭ്രൂണം കാണ്ടാമൃഗത്തിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് നടത്തിയ പരീക്ഷണം വിജയം. തെക്കൻ വെള്ള കാണ്ടാമൃഗത്തിലാണ് (സതേൺ വൈറ്റ് റൈനോ) പരീക്ഷണം നടത്തിയത്. വിജയമായതോടെ വംശനാശഭീഷണി നേരിടുന്ന വടക്കൻ വെള്ള കാണ്ടാമൃഗങ്ങളെ (നോർത്തേൺ വൈറ്റ് റൈനോ) സംരക്ഷിക്കാനുള്ള വഴി തെളിഞ്ഞതായി ഗവേഷകർ പറഞ്ഞു.
6.4 സെന്റിമീറ്റർ വലുപ്പമുള്ള പൂർണ ആരോഗ്യമുള്ള ആൺ ഭ്രൂണത്തിന് ഇപ്പോൾ 70 ദിവസം (രണ്ടരമാസം) പ്രായമുണ്ട്. കാണ്ടാമൃഗങ്ങളുടെ ഗർഭകാലഘട്ടം 16 മുതൽ 18 മാസംവരെയാണ്. നേരത്തെ രണ്ടു തെക്കൻ വെള്ള കാണ്ടാമൃഗങ്ങളിൽനിന്ന് ശേഖരിച്ച ബീജവും അണ്ഡവും ഉപയോഗിച്ചാണ് ഗവേഷകർ ഭ്രൂണം വികസിപ്പിച്ചത്. ഇത് കഴിഞ്ഞ സെപ്റ്റംബർ 24-ന് കെനിയയിലെ ഒൽ-പെജേറ്റ വന്യജീവി സംരക്ഷണകേന്ദ്രത്തിലെ തെക്കൻ വെള്ള കാണ്ടാമൃഗത്തിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയായിരുന്നു.