റാന്നി: പാലത്തിന്‍റെ വശം ഇടിഞ്ഞതു മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട അത്തിക്കയം കൊച്ചുപാലത്തിന്‍റെ സമീപത്തെ റോഡും ഇടിഞ്ഞുതാണു. അത്തിക്കയം ജംങ്ഷനില്‍ നിന്നും കടുമീന്‍ചിറക്കു പോകുന്ന റോഡിലെ കരണംകുത്തി തോടിന് കുറുകെയുള്ള പാലമാണ് അപകടാവസ്ഥയില്‍ ആയത്. ഇതിന്‍റെ സമീപനപാതയാണ് ഇപ്പോള്‍ ഇടിഞ്ഞു താണത്. ഈ പാലം പൊളിച്ചു പണിയുന്നതിന് കരാര്‍ ആയിരുന്നു. എന്നാല്‍ നിര്‍മ്മാണം തുടങ്ങാതെ നീളുകയായിരുന്നു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപ ഈ റോഡിനും പുതിയ പാലം നിർമ്മിക്കുന്നതിനും കൂടി അനുവദിച്ചിരുന്നു. 1.8 കി.മീ ദൂരമുള്ള കടുമീൻചിറ റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചിരുന്നില്ല. ഇതിനിടയില്‍ പഴയ പാലത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നു. ഇതോടെ ഭാഗികമായി ഗതാഗതം ഈ റോഡില്‍ തടസ്സപ്പെട്ടിരുന്നു.
കരണം കുത്തി തോടിന് കുറുകെ അത്തിക്കയം ടൗണിനോട് ചേർന്നുള്ള പാലത്തിൻ്റെ സംരക്ഷണ ഭിത്തിയാണ് നേരത്തെ തകർന്നത്. പാലം ഏതു നിഷവും നിലം പതിക്കാവുന്ന അവസ്ഥയില്‍ തുടരുകയാണ്. അത്തിക്കയം ടൗണിൽ നിന്നും നാറാണംമൂഴി സഹകരണ ബാങ്ക്, സ്വകാര്യ ആശുപത്രി, രണ്ടു പ്രധാന സ്കൂളുകൾ, കടുമീൻചിറ ശിവ ക്ഷേത്രം, എസ്.എൻ. ഓഡിറ്റോറിയം എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയിലെ പാലത്തിനാണ് ഈ ദുരവസ്ഥ. പാതയുടെ ബാക്കി ഭാഗങ്ങളുടെ കോൺക്രീറ്റിങ് കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തിയായതാണ്. പാലം കയാര്‍ എടുത്തവര്‍ ജലഅതോറിറ്റിയുടെ പൈപ്പുകള്‍ നീക്കാന്‍ കത്തു നല്‍കി കാത്തിരിക്കുകയാണ് എന്നാണ് പറയുന്നത്. പാലവും റോഡും തകര്‍ന്നാലും പണി ആരംഭിക്കില്ലേയെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.