ന്യൂഡൽഹി: വന്ദേഭാരതിന് കാവിനിറം നൽകിയതിൽ രാഷ്ട്രീയമില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശാസ്ത്രീയമായാണ് വന്ദേ ഭാരതിന് നിറങ്ങൾ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ കണ്ണുകൾക്ക് ഏറ്റവും കൂടുതൽ ദൃശ്യമാകുന്ന നിറങ്ങൾ മഞ്ഞയും ഓറഞ്ചുമാണ്. യുറോപ്പിലെ 80 ശതമാനം തീവണ്ടികൾക്കും ഓറഞ്ചോ അല്ലെങ്കിൽ മഞ്ഞ നിറമോ ആണ് നൽകിയിരിക്കുന്നതെന്ന് വൈഷ്ണവ് പറഞ്ഞു. വെള്ളി നിറത്തിനും മഞ്ഞയുടേത് പോലുള്ള തിളക്കമുണ്ട്.
എന്നാൽ, കണ്ണുകൾക്ക് കൂടുതൽ ദൃശ്യമാകുന്ന നിറങ്ങൾ മഞ്ഞയും ഓറഞ്ചുമാണ്. ഇതിന് പിന്നിൽ രാഷ്ട്രീയമില്ല. 100 ശതമാനം ശാസ്ത്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാരണം കൊണ്ടാണ് വിമാനങ്ങളുടേയും കപ്പലുകളുടേയും ബ്ലാക്ക് ബോക്സ് ഓറഞ്ച് നിറത്തിൽ നിർമിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ ലൈഫ് ജാക്കറ്റുകളും റെസ്ക്യു ബോട്ടുകളും ഓറഞ്ച് നിറത്തിലാണ് നിർമിച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഇന്ത്യയുടെ ആദ്യ വന്ദേഭാരത് ട്രെയിൻ സെപ്റ്റംബർ 24നാണ് സർവീസ് തുടങ്ങിയത്. കാസർകോട്-തിരുവനന്തപുരം റൂട്ടിലായിരുന്നു സർവീസ്.