റായ്പുർ: ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയിൽപ്പെട്ട കുംക്രിയിൽ പ്രവർത്തിക്കുന്ന കത്തോലിക്ക നഴ്സിംഗ് കോളജിനെതിരേ സംഘപരിവാറിന്റെ ആസൂത്രിതനീക്കം. വിദ്യാർത്ഥിനിയുടെ വ്യാജ പരാതിയിൽ പ്രിൻസിപ്പലായ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തതിനു പിന്നാലെ നഴ്സിംഗ് കോളജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വിഎച്ച്പി, ബജ്രംഗ്ദള് തുടങ്ങിയ സംഘപരിവാർ സംഘടനകൾ സമരം ആരംഭിച്ചു. ഒരുകാരണവശാലും നഴ്സിംഗ് കോളജ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. കോളജിനെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഷ്ണുദേവ് സായിക്ക് വിഎച്ച്പി പരാതിയും നല്കി. സംസ്ഥാനത്തെതന്നെ ഏറ്റവും മികച്ച നഴ്സിംഗ് കോളജുകളിലൊന്നായ ഹോളിക്രോസ് നഴ്സിംഗ് കോളജിലെ പ്രിൻസിപ്പൽ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരേ മതപരിവര്‍ത്തന കുറ്റം ചുമത്തി ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് തദ്ദേശവാസിയായ ഒരു വിദ്യാര്‍ത്ഥിനി നല്കിയ പരാതിയിലാണിത്. അതേസമയം കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയിട്ടും കേസുമായി പോലീസ് മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ സിസ്റ്റർ ബിൻസിക്ക് മുൻകൂർ ജാമ്യത്തിനായി നീക്കം ആരംഭിച്ചിട്ടുണ്ട്. ഈ മാസം രണ്ടിനാണ് മതം മാറാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും വിദ്യാർത്ഥിനി പരാതി നല്‍കിയത്. ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ പ്രിന്‍സിപ്പല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ജനറല്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആരോപണം. എന്നാല്‍ ആരോപണം സിസ്റ്റർ ബിന്‍സി ജോസഫ് നിഷേധിച്ചു.