തിരുവനന്തപുരം: നിയമസഭയിൽ തനിക്ക് മാറ്റി അനുവദിച്ച സീറ്റ് പ്രതിപക്ഷത്തിനൊപ്പമായതിനാൽ ഇന്ന് നിയമസഭയിൽ പങ്കെടുക്കുന്നില്ലെന്ന് പി.വി. അൻവർ എം.എൽ.എ അറിയിച്ചു. സ്വതന്ത്ര ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൻവർ പറഞ്ഞു. എനിക്ക് മാറ്റിത്തന്ന സീറ്റ് പ്രതിപക്ഷത്തിന്‍റെ കൂടെയാണ്. പ്രതിപക്ഷത്തിന്‍റെ കൂടെ ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് സ്വതന്ത്ര ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ആ കത്തിന്‍റെ മറുപടി കിട്ടിയ ശേഷമേ തീരുമാനിക്കൂ.
അതിനാൽ ഇന്ന് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. ഇന്ന് ഒരു ദിവസം മറുപടിക്കായി കാത്തിരിക്കുമെന്നും അൻവർ പറഞ്ഞു. പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പ് വരാനിരിക്കുന്നു. അതിലെല്ലാം കൃത്യമായ ധാരണയായിട്ടുണ്ട് . പാലക്കാട് സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിക്കുന്നു. ചേലക്കരയിൽ ബി.ജെ.പിയുടെ വോട്ട് സി.പി.എമ്മിന്നൽകും. ഒന്നര മാസത്തിനകം കേരള നിയമസഭയിൽ ബി.ജെ.പിയുടെ എം.എൽ.എ വരാൻ പോകുന്നുവെന്നും അൻവർ പറഞ്ഞു.