റാന്നി: തകർന്നുകിടന്ന ആഞ്ഞിലിമുക്ക് – തെക്കേക്കര – കൊച്ചുകുളം റോഡിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ പൊളിഞ്ഞുകിടന്ന ഭാഗങ്ങളിലെ ഉപരിതലം ജെ.സി.ബി. ഉപയോഗിച്ച് നിരപ്പാക്കിയാണ് കോണ്‍ക്രീറ്റ് ജോലികള്‍ നടത്തിയത്. എം.എൽ.എ. ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ടാംഘട്ടത്തിലെ 430 മീറ്റർ റോഡിൻറെ കോൺക്രീറ്റിങ് ജോലികൾ നടത്തുന്നത്. റോഡിന്റെ ആദ്യഘട്ട നിർമ്മാണം നേരത്തെ തുടങ്ങിയിരുന്നു. ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിന്ന് 130 മീറ്റർ ദൂരം 3.6 മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്തിരുന്നു. ഇതിനായി എം.എൽ.എ. ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപയാണ് അനുവദിച്ചത്.
റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നാട്ടുകാര്‍ പരാതി നല്‍കുകയും പ്രതിക്ഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് നിർമ്മാണം ആരംഭിച്ചത്. റോഡ് തകർന്നത് കാരണം ആഞ്ഞിലിമുക്ക് – കൊച്ചുകുളം നിവാസികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പൊടിശല്യം രൂക്ഷമായിരുന്നു. ഇരുചക്രവാഹന യാത്രക്കാർക്ക് അപകടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
ആഞ്ഞിലിമുക്കിൽ നിന്ന് കൊച്ചുകുളത്തേക്കുള്ള പ്രധാന പാതയാണിത്. നേരത്തെ ബസ് സർവീസുണ്ടായിരുന്ന റോഡായിരുന്നു ഇത്. റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് അറുതിയാകും. നിലവിൽ റോഡിലൂടെയുള്ള ഗതാഗതം കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ നിരോധിച്ചിട്ടുണ്ട്.