പുസ്തക വില്പനക്കാരനായി രാജ്യത്തെ പൊക്കം കുറഞ്ഞ രണ്ടാമത്തെ സംവിധായകൻ. പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങുന്നത് താൻ രചിച്ച തോന്ന്യാക്ഷരങ്ങള്‍ എന്ന പുസ്തകവുമായാണ്. പൊക്കം കുറഞ്ഞവരുടെ ജീവിതാനുഭവങ്ങള്‍ പറയുന്നതാണ് ഈ പുസ്തകം. കോവിഡ് പ്രതിസന്ധി സിനിമ മേഖലയെയും ബാധിച്ചപ്പോൾ തളർന്നിരിക്കാതെ ആവേശത്തോടെ ജീവിത മാര്‍ഗം കണ്ടെത്തുന്നതിനായി സ്വന്തം പുസ്തകവുമായി ഇറങ്ങുകയാണ് ചേര്‍ത്തല തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ വിജയന്‍-രേണുക ദമ്പതികളുടെ മകനായ ഛോട്ടാ വിപിന്‍.
പൊക്കം കുറഞ്ഞ രണ്ടാമത്തെ സംവിധായകനുള്ള അറേബ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും വിപിനെ തേടിയെത്തിയിരുന്നു. പോര്‍ക്കളം സിനിമ സംവിധാനം ചെയ്ത് സെന്‍സറിംഗ് കഴിഞ്ഞ് പ്രദര്‍ശനത്തിന് ഒരുങ്ങുമ്പോഴാണ് വില്ലനെപ്പോലെ കൊറോണയുടെ കടന്ന് വരവ്. 23സിനിമകളില്‍ വേഷമിട്ട വിപിൻ വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപിലൂടെ 2005ല്‍ സിനിമാ ലോകത്തേയ്‌ക്കെത്തിയത്. ഉയരം കുറഞ്ഞ 13 പേരുടെ യഥാര്‍ത്ഥജീവിതം പറയുന്നതാണ് ശ്രീജിത്ത് ശിവ കഥയും തിരക്കഥയുമെഴുതിയ പോര്‍ക്കളം എന്ന സിനിമ. കൊറോണ എന്ന മഹാമാരി മാറി ഉടന്‍ സിനിമ തീയേറ്ററില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിപിന്‍.