തിരുവല്ല : ആരോഗ്യ സംരക്ഷണത്തിൽ നഴ്സുമാരുടെ അചഞ്ചലമായ പ്രതിബദ്ധത അഭിനന്ദനാർഹമാണെന്നും അവരുടെ സമർപ്പണം, കാരുണ്യം, സേവന സന്നദ്ധത എന്നിവ സൗഖ്യത്തിലേക്കും പുതുജീവനിലേക്കും നയിക്കുമെന്നും സ്വന്തം ജീവൻ പോലും അവഗണിച്ച് സമൂഹത്തിന്റെ ആരോഗ്യ വളർച്ചയ്ക്ക് വേണ്ടി അക്ഷീണം സേവന നിരതമായ പ്രവർത്തനങ്ങൾ എക്കാലത്തും മാനിക്കപ്പെടുമെന്നും വൈഎംസിഎ ദേശീയ ട്രഷറർ റെജി ജോർജ് പറഞ്ഞു. വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജൻ്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ നേഴ്സസ് ദിനാചരണം – കരുതും കരങ്ങൾക്ക് സ്നേഹാദരം എന്ന പരിപാടി സർക്കാർ ആശുപത്രിയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ നിമിഷങ്ങളിൽ രോഗികളെ സുഖപ്പെടുത്തുന്നതിനും ആശ്വസിപ്പിക്കുന്നതിനും അവരുടെ കൂടെ നിൽക്കുന്നതിനും നേഴ്സുമാർ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
റീജിയണൽ യൂത്ത്, വുമൺ ആൻ്റ് ചിൽഡ്രൻസ് കൺസേൺ കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ സോൺ ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, റീജണൽ മെഡിക്കൽ ഓഫീസർ ഡോ. അതുൽ എച്ച് വിജയൻ, യൂണി വൈ റീജണൽ ചെയർമാൻ ലാബി ജോർജ് ജോൺ, മുനിസിപ്പൽ കൗൺസിലർ ബിന്ദു ജേക്കബ്, ജില്ല നേഴ്സിംഗ് ഓഫീസർ ലാലി തോമസ്, സോണൽ കോഡിനേറ്റർ എബി ജേക്കബ്, സബ് റീജൻ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സീനിയർ നേഴ്സിംഗ് ഓഫീസർ ഉഷാകുമാരി എം.ആർ എന്നിവർ പ്രസംഗിച്ചു. സമർപ്പിതമായ സേവനത്തിന് നേഴ്സുമാരെ ആദരിച്ചു.