പാലക്കാട് : പാലക്കാട്ടെ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പ്രചാരണവും തന്ത്രങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. പ്രചാരണം നയിച്ച എംബി രാജേഷ് ഉൾപ്പെടെയുള്ളവർക്ക് പക്വത കുറവെന്ന വിമര്‍ശനവും ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നുണ്ട്. മൂന്നാം സ്ഥാനത്ത് നിന്ന് നിലമെച്ചപ്പെടുത്തലിനപ്പുറം എന്ത് പ്രതീക്ഷിക്കണമെന്ന ചോദ്യവുമായാണ് സിപിഎം നേതാക്കൾ പാലക്കാടിന് വണ്ടി കയറിയത്. വീണു കിട്ടിയ സരിനെ വിദ്യയാക്കിയതിൽ തുടങ്ങി ആദ്യാവസാനം സസ്പെൻസ് ത്രില്ലറായിരുന്നു തെരഞ്ഞെടുപ്പ് കളം. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ നേരിയ വോട്ട് കൂടിയെന്നതാണ് ഏക പിടിവള്ളി. ഇതിനായിരുന്നോ പി സരിനെ ഇറക്കിയതെന്ന മറുചോദ്യവും ഉയരുന്നുണ്ട്. പെട്ടി വിവാദം മുതൽ പരസ്യവിവാദം വരെ തൊട്ടതിലെല്ലാം പാലക്കാട്ട് കൈപൊള്ളിയെന്ന ചർച്ച ഫലം വരും മുൻപെ സജീവമാണ്.
പ്രാദേശിക തലത്തിൽ നിന്ന് തെരഞ്ഞെടുപ്പ് നയിച്ച എംബി രാജേഷ് അടക്കമുള്ള നേതാക്കാൾക്ക് പക്വത കുറവുണ്ടായെന്ന വിമർശനവും പാലക്കാട്ടെ ഒരു വിഭാഗം മുതിർന്ന നേതാക്കൾക്കുണ്ട്. അതെല്ലാം ഇനി വിശദമായ ചർച്ചക്ക് പാർട്ടി വിധേയമാക്കും. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യുഡിഎഫിനെ മുഖ്യശത്രുവാക്കിയപ്പോൾ ബിജെപിയോട് പലപ്പോഴും സ്വീകരിച്ചത് മൃദുസമീപനമായിപ്പോയെന്ന വിമർശനം ബാക്കിയാണ്. പെട്ടി വിവാദത്തിൽ കോൺഗ്രസിനെ നേരിടാൻ ബിജെപിക്കൊപ്പം സിപിഎമ്മും ഒരുമിച്ചിറങ്ങിയതിലെ നാണക്കേട് ഇനിയും പാർട്ടിയെ വേട്ടയാടും. ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാര്യർ ഇടത്തോട്ട് വരുമെന്ന് ഉറപ്പിച്ചിട്ടും കോൺഗ്രസ് റാഞ്ചിയതാണ് മറ്റൊരു വീഴ്ച. ക്ലീൻ സർട്ടിഫിക്കറ്റ് ആദ്യം നൽകിയ സിപിഎം നേതാക്കൾ പിന്നീട് സന്ദീപിനെ വർഗ്ഗീയവാദിയാക്കിയുള്ള പ്രചാരണവും കോൺഗ്രസ് നന്നായി ഉപയോഗിച്ചു. സന്ദീപിന്‍റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ വൈകിപ്പോയെന്നാണ് വിമർശനം.