മലപ്പുറം: ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കി തിരൂരിലെ ഷെൽട്ടർ ഹോം. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതയിടം ഒരുക്കുകയാണ് ഷെൽട്ടർ ഹോമുകളുടെ ലക്ഷ്യം. 2014ലാണ് മലപ്പുറത്ത് ഷെൽട്ടർ ഹോം പ്രവർത്തനമാരംഭിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാലത്ത് ഷെൽട്ടർ ഹോമിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 2022 ഡിസംബർ പത്തിന് ജില്ലയുടെ ഷെൽട്ടർ ഹോം തിരൂരിൽ പുനരാരംഭിച്ചു.
12 ഗാർഹിക പീഡന പരാതികളും ഏഴ് കുടുംബ പ്രശ്ന പരാതികളും ഒമ്പത് അഭയം ആവശ്യപ്പെട്ടുള്ള പരാതികളും 11 കൗൺസലിങ് കേസുകളുമാണ് ഇതുവരെ ഷെൽട്ടർ ഹോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ പതിനെട്ടോളം പരാതികൾ തീർപ്പാക്കുകയും ഒരു പരാതി ലീഗൽ കൗൺസിലർക്ക് റഫർ ചെയ്യുകയും ചെയ്തു. അല്ലാത്തവ കൗൺസലിങ്, മീഡിയേഷൻ തുടങ്ങിയ നടപടി ക്രമങ്ങളിലാണ്. ഷെൽട്ടർ ഹോം പ്രവർത്തനമാരംഭിച്ച് ഒരു വർഷം തികയാൻ പോകുന്ന ഈ അവസരത്തിൽ മൊത്തം 21 സ്ത്രീകൾക്കും ആറ് കുട്ടികൾക്കുമാണ് ഹോമിൽ അഭയം നൽകിയത്. നിലവിൽ 11 അന്തേവാസികളാണ് ഷെൽട്ടർ ഹോമിലുള്ളത്.
അമ്മയോടൊപ്പം എത്തുന്ന കുട്ടികൾക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതിയോടു കൂടി അഭയം നൽകുന്നുണ്ട്. ഗാർഹിക പീഡനത്തിനിരയായ സ്ത്രീകളെയും പെൺകുട്ടികളെയുമാണ് ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിക്കുന്നത്. അമ്മമാരോടൊപ്പം 12 വയസ് വരെയുള്ള ആൺകുട്ടികൾക്കും ഷെൽട്ടർ ഹോമിൽ താമസിക്കാം. ഒരേ സമയം 30 പേർക്കുവരെ അഭയം നൽകുവാനുള്ള സൗകര്യം ഷെൽട്ടർ ഹോമിൽ ലഭ്യമാണ്. അഭയം ആവശ്യപ്പെട്ട് ഷെൽട്ടർ ഹോമിൽ എത്തുന്നവർക്ക് രണ്ട് വർഷം വരെയാണ് അഭയം നൽകുന്നത്.
ഗാർഹിക അതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005ന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന തലത്തിൽ സന്നദ്ധ സംഘടനകൾ വഴി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഷെൽട്ടർ ഹോം. പദ്ധതിയിലുടെ സൗജന്യ ഭക്ഷണം, വസ്ത്രം, വൈദ്യ സഹായം, വൊക്കേഷണൽ ട്രെയിനിങ്, കൗൺസിലിങ്, കുട്ടികൾക്കുള്ള വിദ്യാഭ്യാസം, കുടുംബത്തിലേക്ക് കൂട്ടിയോജിപ്പിക്കുവാനുള്ള നടപടികൾ, സർവീസ് പ്രൊവൈഡിങ് സെന്റർ വഴിയും വനിതാ സംരക്ഷണ ഓഫീസർ വഴിയുമുള്ള നിയമ സഹായങ്ങൾ ഷെൽട്ടർ ഹോമിൽ നിന്നും ലഭിക്കും.
ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, പോലീസ്, മറ്റ് സർക്കാർ വകുപ്പുകൾ, സാമൂഹിക പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് പദ്ധതിയുടെ കീഴിൽ വരുന്ന ഗുണഭോക്താക്കളെ ഹോമിലേക്ക് റഫർ ചെയ്യാവുന്നതാണ്. കൂടാതെ ഗാർഹിക പീഡനത്തിനിരയായി സ്വമേധയാൽ ഷെൽട്ടർ ഹോമിലെത്തുന്നവർക്കും ഹോമിൽ പ്രവേശനം നൽകുന്നതാണ്. ഹോമിന്റെ പ്രവർത്തനത്തിനായി ഹോം മാനേജർ, കൗൺസിലർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, പ്യൂൺ, വാച്ച് വുമൺ, കുക്ക് എന്നീ വനിതാ ജീവനക്കാരുടെ സേവനവും ലഭ്യമാണ്. ഷെർട്ടർ ഹോം ഫോൺ: 8606791532
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.