തിരുവനന്തപുരം: വിരമിക്കല്‍, അച്ചടക്ക നടപടി, സ്ഥലംമാറ്റം തുടങ്ങി പലവഴികളിലൂടെ ഡ്രൈവര്‍മാരുടെ എണ്ണം കുറഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി.യില്‍ പ്രതിസന്ധി. സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി. ബസുകളിലേക്ക് നിയോഗിച്ചുതുടങ്ങി. കൊട്ടാരക്കര, അടൂര്‍ ഡിപ്പോകളില്‍ തുടങ്ങിയ ഈ സംവിധാനം സംസ്ഥാന വ്യാപകമാക്കാനൊരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ഷാമംമൂലം ഒട്ടുമിക്ക ഡിപ്പോകളിലും ട്രിപ്പ് മുടക്കം പതിവായതോടെയാണ് സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചത്. മേയില്‍ 274 ഡ്രൈവര്‍മാര്‍ കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് വിരമിച്ചു. ബ്രെത്തലൈസറില്‍ പിടിവീണ് 150-ലേറെ ഡ്രൈവര്‍മാര്‍ സസ്‌പെന്‍ഷനിലാണ്.
അടുത്തകാലത്ത് നടത്തിയ സ്ഥലംമാറ്റം, നേരത്തേതന്നെ ഒട്ടേറെ ഡിപ്പോകളില്‍ ഡ്രൈവര്‍ ക്ഷാമത്തിനു കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ഉത്തരവിറക്കാതെ സ്വിഫ്റ്റ് ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി. ബസുകളിലേക്ക് നിയോഗിച്ചത്. എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ നിരക്കില്‍ താത്കാലികാടിസ്ഥാനത്തിലുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെയാണ് സ്വിഫ്റ്റ് ബസുകളിലേക്ക് ജോലിക്കെടുത്തത്. മൂവായിരത്തിലേറെ വരുന്ന ഇവരില്‍നിന്ന് ഒരുവിഭാഗത്തെ കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകളിലേക്ക് നിയോഗിക്കാനാണ് ഇപ്പോഴത്തെ നീക്കം.