ഇടുക്കി : കശ്മീര്‍ അതിര്‍ത്തിയിലെ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളി സൈനികന്‍ അനീഷ് ജോസഫിന് നാടിന്റെ അന്ത്യാഞ്ജലി. അനീഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിച്ച അനീഷിന്റെ ഭൗതിക ശരീരം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കശ്മീരിലെ ബാരാമുള്ളയില്‍ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തില്‍ ബിഎസ്എഫ് ജവാനായ ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് മരിച്ചത്. അനീഷ് കാവല്‍ നിന്നിരുന്ന ടെന്റിന് തീപിടിക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റാണ് മരണം സംഭവിച്ചത്. ടെന്റിനുള്ളിലെ തണുപ്പ് നിയന്ത്രിക്കാനുള്ള ഹീറ്ററില്‍ നിന്ന് തീപടരുകയായിരുന്നെന്നാണ് വിവരം. കൊച്ചുകാമാക്ഷി സ്നേഹഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടന്ന സംസ്‌കാരത്തില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു.