ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഉത്തർ പ്രദേശ് ബി.ജെ.പിയിൽ രൂപപ്പെട്ട ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. ‘നസുൽ ഭൂമി’ ബില്ലുമായി ബന്ധപ്പെട്ട് പാർട്ടിയും സർക്കാറും രണ്ട് തട്ടിലാണെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തുടനീളമുള്ള നസുൽ ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിച്ച് കൊണ്ടുവന്ന ബില്ലാണിത്. ബുധനാഴ്ച ഉത്തർ പ്രദേശ് വിധാൻ സഭ ബില്ല് പാസാക്കിയിരുന്നു. എന്നാൽ, ബി.ജെ.പി എം.എൽ.എമാരുടെയും പാർട്ടി നേതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് ലെജിസ്ളേറ്റിവ് കൗൺസിലിന് ബില്ല് പാസാക്കാൻ സാധിച്ചില്ല. ബില്ലിൽ കൂടുതൽ ചർച്ചകൾക്കായി സെലക്ട് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തിരിക്കുകയാണ്. പ്രതിപക്ഷ എം.എൽ.എമാരുടെ പ്രതിഷേധങ്ങൾക്കിടയിലാണ് വിധാൻ സഭയിൽ ബില്ല് പാസാക്കിയത്.
തുടർന്ന് ലെജിസ്ലേറ്റിവ് കൗൺസിൽ മുമ്പാകെ വെക്കുകയായിരുന്നു. നസുൽ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യടിക്കിവെച്ചിരിക്കുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ബില്ല് കൊണ്ടുവന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പൊതുഉപയോഗങ്ങൾ, ഭരണഘടനാപരമായ പ്രവർത്തനങ്ങൾ, കുടിയിറക്കപ്പെട്ട ജനങ്ങളെ പുനരധിവസിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പ്രത്യേകമായി ഏറ്റെടുത്ത സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നസുൽ ലാൻഡ്. കാലങ്ങളായി ഈ ഭൂമികൾ പൊതു-സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും പാട്ടത്തിന് നൽകുകയും ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ ഭൂമിയിൽ കഴിയുന്നത്.