തൃശൂർ: ആശാവര്‍ക്കര്‍മാര്‍ വിഷയത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ താന്‍ കുറ്റംപറയില്ലെന്നും ഇക്കാര്യത്തില്‍ എടുത്തുചാടി സംസ്ഥാന സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ആശാവര്‍ക്കര്‍മാരെ താന്‍ കണ്ടത് ആത്മാര്‍ത്ഥതയോടെയാണെന്നും ആത്മാര്‍ത്ഥത അവസാനം വരെ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ കരകയറ്റം ഉണ്ടാകട്ടെ. പറയാനുള്ളത് ജെപി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ആശാവര്‍ക്കര്‍മാരുടെ സമരം പരിഹരിക്കല്ലല്ല അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടത്.
എടുത്തുചാടി സംസ്ഥാന സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നതാണ് താന്‍ നേരത്തെ തന്നെ പറഞ്ഞത്. പക്ഷേ അത് ദുര്‍വാഖ്യാനം ചെയ്തു. മൂല്യം തകര്‍ക്കാന്‍ മാധ്യമങ്ങള്‍ കത്രിക വച്ചു. ബിഎംഎസിന്റെ യൂണിറ്റ് രൂപീകരിച്ചതിനെക്കുറിച്ചുള്ള കാര്യത്തില്‍ താന്‍ ചിന്തിക്കുന്നില്ല. താന്‍ തന്റെ പക്ഷമാണ് നോക്കുന്നത് മറ്റുള്ളവരുടെ വ്യാഖ്യാനം നോക്കാറില്ല. വ്യാഖ്യാനങ്ങള്‍ അല്ല, ഒരു സത്യമുണ്ട്, സത്യം തന്റെ ദൈവങ്ങള്‍ക്കറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.