കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതക്ക് സമീപം മുറിഞ്ഞകൽ തിനവിളപടിയിൽ സംസ്ഥാന പാത നശിപ്പിച്ച് സ്വകാര്യ വ്യക്തികൾ കുന്നിടിച്ചു നിരത്തിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. ചൂരൽ മല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ നിലവിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നൽകിയിട്ടുള്ള എല്ലാ ഖനനപ്രവർത്തനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തത്കാലികമായി നിർത്തിവെക്കുവാൻ ഉള്ള ഹൈകോടതി ഉത്തരവ് നിലനിൽക്കേ ആണ് മുറിഞ്ഞകൽ തിനവിളപടിയിൽ രാപകൽ ഇല്ലാതെ മണ്ണെടുക്കുന്നത്. പുലർച്ചെയാണ് കൂടുതലും മണ്ണ് കൊണ്ടുപോകുന്നത്. മണ്ണെടുപ്പിനെ തുടർന്ന് സംസ്ഥാന പാതയിൽ വീഴുന്ന പച്ചമണ്ണ് ഇവർ നീക്കം ചെയ്യുന്നുമില്ല. മുൻപ് ഇതേ ഭാഗത്ത് തുടർന്ന് വന്ന അനധികൃത മണ്ണെടുപ്പ് മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് നിർത്തി വെച്ചിരുന്നു. ചെങ്കുത്തായ ഭാഗത്താണ് നിലവിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തുന്നത്.
റോഡ് നശിപ്പിക്കുന്നതിനെതിരെ നാട്ടുകാർ അധികൃതരോട് പരാതിപെട്ടിട്ടും നടപടിയില്ല. ഇവിടെ നിന്നും എടുക്കുന്ന പച്ചമണ്ണ് ടിപ്പർ ലോറികളിൽ അനുവദനീയമായതിൽ കൂടുതൽ കയറ്റിയാണ് കൊണ്ടുപോകുന്നത്. ഇതിൽ പലതിലും മേൽമൂടിയില്ലാത്തതിനാൽ കഴിഞ്ഞ ദിവസം ഇത്തരത്തിൽ കൊണ്ടുപോയ ലോഡിൽ നിന്നും കല്ലും മണ്ണും റോഡിലേക്ക് തെറിച്ച് വീണിരുന്നു. മഴ കൂടി പെയ്തതോടെ റോഡ് ചെളികുണ്ടായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇരുചക്ര വാഹന യാത്രക്കാർ ആണ് ഇതിൽ ഏറെയും ബുദ്ധിമുട്ട് നേരിടുന്നത്. കോന്നിയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ഉള്ള പലയിടത്തും മണ്ണ് എടുപ്പ് വ്യാപകമാണ്. തിനവിളപടിയിൽ മണ്ണെടുക്കുന്ന ഭാഗത്ത് പോലീസ് അന്വേഷിച്ച് നടപടി ഉണ്ടായില്ല എന്നും പരാതിയുണ്ട്. ഇവിടെ നിന്നും എടുക്കുന്ന പച്ചമണ്ണ് വലിയ വിലക്കാണ് പുറത്ത് വിറ്റഴിക്കുന്നത്. മഴ ശക്തമായാൽ ഇപ്പോൾ മണ്ണെടുത്ത ഭാഗം ഇടിഞ്ഞു സംസ്ഥാന പാതയിലേക്ക് വീഴുന്നതിനുള്ള സാധ്യതയും ഏറെയാണ്. മൈനിങ് ആൻഡ് ജിയോളജി അനുവദിച്ച പാസിൽ കൂടുതൽ മണ്ണ് ഇവിടെ നിന്നും നീക്കം ചെയ്തിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത്. വിഷയത്തിൽ ബന്ധപ്പെട്ടവരുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്.