പത്തനംതിട്ട : വിവിധ മേഖലകളിൽ പണിയെടുക്കുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ന്യായമായ വേതന വർദ്ധനയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്ന തൊഴിലാളിവിരുദ്ധ സർക്കാരാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു.
മലയാലപ്പുഴ മണ്ഡലം തോട്ടം അഞ്ചാം വാർഡ് മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശാ പ്രവർത്തകരുടെ സമരത്തോടുള്ള പിണറായി സർക്കാരിന്റേയും സി.പി.എമ്മിന്റേയും നിലപാട് ഇതിന് ഏറ്റവും വലിയ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ വന്യമൃഗ ആക്രമണങ്ങളെ ഭയന്ന് ജീവൻ പണയപ്പെടുത്തിയാണ് പണിയെടുക്കുന്നതെന്നും ഇതിന് പരിഹാരം ഉണ്ടാക്കേണ്ട സംസ്ഥാന സർക്കാരും വനം വകുപ്പ് അധികൃതരും കെടുകാര്യസ്ഥതയുടെ ആൾരൂപങ്ങളായി മാറിയിരിക്കുകയാണെന്നും പഴകുളം മധു പറഞ്ഞു.
രാജ്യത്ത് ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തി പ്രവർത്തിച്ച് മുന്നോട്ട് പോകുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം കോൺഗ്രസ് ആണെന്നും കോൺഗ്രസ് പാർട്ടി വീണ്ടും അധികാരത്തിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ അനിർവാര്യതയാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെകട്ടറി സാമുവൽ കിഴക്കുപുറം മുഖ്യപ്രഭാഷണം നടത്തി. ജെയിംസ് കീക്കരിക്കാട്ട്, വി.സി ഗോപിനാഥപിള്ള, ബിജുമോൻ പുതുക്കുളം, കേണൽ പി.എ മാത്യു, മോളി തോമസ്, ലിബു മാത്യു, ബിജു. ആർ.പിള്ള, സിനി ലാൽ ആലുനില്ക്കുന്നതിൽ, സേവ്യർ തോട്ടം, സാബു പുതുക്കുളം,ഉണ്ണി മുകുഴി, എന്നിവർ പ്രസംഗിച്ചു.