സൂറത്ത്: മത സ്വാതന്ത്രത്തിനായുള്ള രണ്ട് വർഷത്തെ പോരാട്ടത്തിനൊടുവിൽ 80 ദലിത് കുടുംബങ്ങൾ ബുദ്ധമതം സ്വീകരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. മേയ് 14-ന് അംറോളിയിലെ ആനന്ദ് ബുദ്ധ വിഹാറിൽ നടന്ന ചടങ്ങിലാണ് ബുദ്ധമതം സ്വീകരിച്ചത്. തങ്ങളുടെ മതം മാറാനുള്ള ഔദ്യോഗിക അനുമതി നേടിയെടുക്കാനുള്ള നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ഈ മതപരിവർത്തനം. പരമ്പരാഗത ഹിന്ദു ആചാരങ്ങളിൽ നിലനിൽക്കുന്ന ജാതി വിവേചനത്തിൽ നിന്ന് മോചനം നേടാനായി 2013-ൽ ബുദ്ധമതം സ്വീകരിക്കാൻ ഈ കുടുംബങ്ങൾ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അതിന് രണ്ട് വർഷക്കാലത്തെ താമസമെടുത്തു.
സ്വയം സൈനിക് ദൾ, മറ്റ് ബഹുജൻ സംഘടനകൾ ഉൾപ്പടെ സമർപ്പിച്ച സമാനമായ 40000- 50000 അപേക്ഷകൾ തീർപ്പാക്കാതെ കിടക്കുന്നതായി എസ്എസ്ഡി നേതാക്കളെ ഉദ്ധരിച്ച് മുക്നായക് റിപോർട്ട് ചെയ്തു. തങ്ങളുടെ അപേക്ഷകൾ അംഗീകരിച്ചില്ലെങ്കിൽ തെരുവിൽ പ്രധിഷേധം നടത്തുമെന്ന് കുടുംബങ്ങൾ ഭീഷണിപെടുത്തി. ഇതോടെ ആവശ്യമായ അംഗീകാരങ്ങൾ നൽകാൻ ഭരണകൂടം നിർബന്ധിതരാവുകയായിരുന്നു. ഇന്ത്യയിലെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിനും പാർശ്വവൽകരിക്കപ്പെട്ട സമൂഹങ്ങളുടെ ആഗ്രഹത്തിനും അടിവരയിടുന്നതാണ് സൂറത്തിലെ ഈ സംഭവം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, സമീപ വർഷങ്ങളിലും ദളിതർ ബുദ്ധമതത്തിലേക്ക് കൂട്ടമായി പരിവർത്തനം നടത്തിയതിന് ഗുജറാത്ത് സാക്ഷ്യം വഹിച്ചിട്ടുണ്ട്.