തിരുവനന്തപുരം: കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തുണ്ടായ ശക്തമായ ചൂടിലും വരള്‍ച്ചയിലും 46,590 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. 257 കോടിയുടെ പ്രത്യക്ഷനഷ്ടമുണ്ടായതായി വിദഗ്ധസമിതി വിലയിരുത്തി. 23569 ഹെക്ടറിലായി 250 കോടിയുടെ ഉത്പാദനനഷ്ടംകൂടി കണക്കാക്കുമ്പോള്‍ കാര്‍ഷികമേഖലയുടെ ആകെ നഷ്ടം 500 കോടിയിലധികമാകും. 56,947 കര്‍ഷകരെ വരള്‍ച്ച നേരിട്ട് ബാധിച്ചതായാണ് വിലയിരുത്തല്‍.
വരള്‍ച്ച വിലയിരുത്താന്‍ കൃഷി വകുപ്പ് നിയോഗിച്ച വിദഗ്ധസമിതി വിവിധ ജില്ലകളില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ സന്ദര്‍ശിച്ചശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി പി. പ്രസാദിന് കൈമാറി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസഹായം തേടാനാണ് തീരുമാനം. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് കനത്ത കൃഷിനാശം. ഏലം, നെല്ല്, കുരുമുളക്, വാഴ എന്നിവയാണ് ഏറ്റവും കൂടുതല്‍ നശിച്ചത്. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 60,000 ചെറുകിട നാമമാത്ര കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ് വരള്‍ച്ച എന്നാണ് വിലയിരുത്തല്‍.