ഡൽഹി: പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തിന് പിന്നാലെ സുപ്രിം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും (ഒബിസി) സംവരണം ഏര്‍പ്പെടുത്തി. ശാരീരിക വെല്ലുവിളി നേരിടുന്നവർ, വിമുക്ത ഭടൻമാർ, സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതർ എന്നിവർക്കും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. 1961-ലെ സുപ്രിം കോടതി ഓഫീസർമാരുടെയും സേവകരുടെയും (സേവന വ്യവസ്ഥകളും പെരുമാറ്റച്ചട്ടങ്ങളും) ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്. 75 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ജീവനക്കാരുടെ നിയമനത്തിൽ എസ്‍സി/എസ്‍ടി വിഭാഗങ്ങൾക്ക് സംവരണം ഏര്‍പ്പെടുത്തിയത്.
ജൂൺ 24 ന് സുപ്രീം കോടതി രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിയമനത്തിലും സ്ഥാനക്കയറ്റത്തിലും പട്ടികജാതി വിഭാഗത്തിൽ 15 ശതമാനവും പട്ടിക വര്‍ഗ വിഭാഗത്തിൽ 7.5 ശതമാനവും ക്വാട്ട നിലവിൽ വരും. സുപ്രിം കോടതി ജഡ്ജിമാരുടെ നിയമനത്തിൽ സംവരണതത്വം ബാധകമാക്കിയിട്ടില്ലെങ്കിലും രജിസ്ട്രാർ മുതൽ താഴേതട്ടിലെ ചേംബർ അറ്റൻഡൻസ് വരെയുള്ള തസ്തികകളിൽ എത്താൻ പട്ടിക വിഭാഗങ്ങൾക്ക് അവസരം ഒരുങ്ങും. സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, അസിസ്റ്റന്‍റ് ലൈബ്രേറിയൻ, ജൂനിയർ കോർട്ട് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളും ഇതിന്റെ പരിധിയിൽ വരും. സംവരണം പൂർണമായി നടപ്പിലാകുമ്പോൾ സുപ്രിം കോടതിയുടെ ആഭ്യന്തര ഭരണത്തിൽ മിനിമം 600 ജീവനക്കാർ എസ്സി/എസ്ടി വിഭാഗക്കാരായി ഉണ്ടാവും.