ന്യൂഡല്‍ഹി : കല്ലട ജലസേചന പദ്ധതിയുടെ ആര്‍ബിട്രേഷന്‍ അവാര്‍ഡ് ചോദ്യം ചെയ്യുന്നതില്‍ ഉണ്ടായ കാലതാമസത്തില്‍ ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ നര്ല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എറണാകുളം സബ് ജഡ്ജിന്റെ ഉത്തരവിന് എതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മൂന്ന് വര്‍ഷത്തോളം സമയം എടുത്തതിന് സര്‍ക്കാരിന് കൃത്യമായ വിശദീകരണം ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2016 ഓഗസ്റ്റ് 16 ന് ആണ് കരാറുകാരന്‍ എന്‍.യു പൗലോസിന് അനുകൂലമായ ആര്‍ബിട്രേഷന്‍ അവാര്‍ഡ് എറണാകുളം സബ് കോടതി ശരിവെച്ചത്. എന്നാല്‍ സബ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് 1127 ദിവസം കഴിഞ്ഞാണ്. ഈ കാലതാമസം കൃത്യമായി വിശദീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത് 376 ദിവസങ്ങള്‍ക്ക് ശേഷമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2021 ഫെബ്രുവരി മുതല്‍ കോവിഡ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയെന്നും അതിനെ തുടര്‍ന്ന് ഉണ്ടായ നിയന്ത്രണങ്ങള്‍ കാരണമാണ് അപ്പീള്‍ നല്‍കാന്‍ വൈകിയത് എന്നും സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി.പ്രകാശ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ 2020 നവംബറില്‍ ഹൈക്കോടതി പുറപ്പടിവിച്ച ഉത്തരവില്‍ അപ്പീല്‍ നല്‍കാന്‍ വൈകിയതിന് ഈ ന്യായീകരണം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. അറുപത്തി ആറ് ലക്ഷത്തത്തിലധികം രൂപ കരാറുകാരന്‍ എന്‍.യു പൗലോസിനും കേസിലെ എതിര്‍ കക്ഷികള്‍ക്കും നല്‍കാനായിരുന്നു ആര്‍ബിട്രേറ്ററുടെ ഉത്തരവ്. പൗലോസ് നിലവില്‍ ജീവിച്ചിരിപ്പില്ല.