ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പൊതുതാത്പര്യഹര്‍ജികള്‍ പരിഗണിക്കുന്നത്. പദ്ധതി, സായുധ സേനയെയും രാജ്യത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ മനോഹര്‍ലാല്‍ ശര്‍മയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നിലവിലെ റിക്രൂട്ട്‌മെന്റ് നടപടികളിലൂടെ കടന്നുപോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഗ്‌നിപഥ് പദ്ധതി ബാധകമാക്കരുതെന്നാണ് ഹര്‍ജികളിലെ ആവശ്യം.
ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ കഴിഞ്ഞ മാസം 24നാണ് അഗ്നിപഥിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചത്. ജൂലൈ 5 വരെ അപേക്ഷിക്കാം. അന്തിമ നിയമന പട്ടിക ഡിസംബർ 11ന് പ്രസിദ്ധീകരിക്കും. ഈ വർഷം 3,000 പേരെ നിയമിക്കും. പതിനേഴര വയസ്സ് ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് ‘അഗ്നിപഥ്’ പദ്ധതി. അഗ്നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാലു വർഷത്തിനു ശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.