കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ പതാകയുമായി തെരുവില്‍ പ്രതിഷേധിക്കാനിറങ്ങിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍. താലിബാന്‍ പതാക ബഹിഷ്‌കരിച്ച് അഫ്ഗാന്‍ പതാകയുമേന്തി പ്രതിഷേധിച്ച ആളുകള്‍ക്ക് നേരെ താലിബാനികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഓഫീസുകളില്‍ അഫ്ഗാനിസ്ഥാന്‍ പതാക തന്നെ തുടരണമെന്ന ആവശ്യവുമായാണ് ഇവര്‍ തെരുവിലിറങ്ങിയത്.
എത്ര പേര്‍ മരണപ്പെട്ടെന്നോ എത്ര പേര്‍ക്ക് പരുക്ക് പറ്റിയെന്നോ വ്യക്തമല്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആരോടും ശത്രുതയില്ലെന്നും അഫ്ഗാനിസ്താനിലുള്ള ആരേയും ഉപദ്രവിക്കില്ലെന്നും താലിബാന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് താലിബാന്റെ ഇത്തരത്തിലുള്ള നീക്കം നടന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഒരുകൂട്ടം യുവതികള്‍ നേരത്തെ താലിബാനെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഈ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഭരണം പിടിച്ചടക്കിയതിനു ശേഷം താലിബാനെതിരെ നടക്കുന്ന ആദ്യ പ്രതിഷേധമായിരുന്നു ഇത്.