സഞ്ചാരികള്‍ക്ക് അത്ഭുതമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണല്‍ക്കൊട്ടാരം. ഈ കൊട്ടാരം ഗിന്നസ് റെക്കോഡിലും ഇടംപിടിച്ചു കഴിഞ്ഞു. ഡെന്മാര്‍ക്കിലെ കടല്‍തീര പട്ടണമായ ബ്ലോഖസിലാണ് ഈ പടുകൂറ്റന്‍ മണല്‍ക്കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. ഡെന്‍മാര്‍ക്കിലെ ഈ കൊട്ടാരത്തിന് 2019 ല്‍ ജര്‍മനിയില്‍ നിര്‍മ്മിച്ച മണല്‍കൊട്ടാരത്തേക്കാള്‍ മൂന്ന് മീറ്റര്‍ ഉയരമുണ്ട്. കൊറോണ വൈറസിന്റെ തീമിലാണ് ഈ കൂറ്റന്‍ മണല്‍ കൊട്ടാരം പണിതുയര്‍ത്തിയിരിക്കുന്നത്.
21.16 മീറ്റര്‍ ഉയരമുള്ള ഈ നിര്‍മ്മിതിയ്ക്ക് ഏകദേശം 5000 ടണ്‍ ഭാരമുണ്ടാകും. ഏകദേശം 4860 ടണ്‍ മണല്‍ ഉപയോഗിച്ചാണ് ഈ സാന്‍ഡ്‌കാസില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഡച്ചുകാരനായ വില്‍ഫ്രെഡ് സ്റ്റൈഗറിന്റെ കരവിരുതാണ് ഈ അത്ഭുത നിര്‍മ്മിതി. അടുത്ത വര്‍ഷം മാര്‍ച്ച് വരെ കൊട്ടാരം കേടുപാടുകളില്ലാതെ നിലനില്‍ക്കും. അതുകൊണ്ട് ഇക്കാലയളവില്‍ പരമാവധി സഞ്ചാരികളെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ഡെന്‍മാര്‍ക്ക്.