കോന്നി : കോന്നി നിയോജക മണ്ഡലത്തിൽ ജല ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുത്ത കുഴികൾ ശരിയായ രീതിയിൽ മൂടാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതായി കോന്നി താലൂക്ക് വികസന സമിതിയിൽ ആക്ഷേപം. കോന്നി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് റോഡുകൾ വെട്ടി പൊളിച്ചിരുന്നു. ഈ റോഡുകൾ പതിനഞ്ച് സെന്റിമീറ്റർ കനത്തിൽ ഇളകി മാറ്റിയ ഭാഗം കോൺക്രീറ്റ് ചെയ്ത് നേരെയാക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഈ ഭാഗങ്ങൾ ശരിയായ രീതിയിൽ കോൺക്രീറ്റ് ചെയ്യാതെ പൊളിഞ്ഞു പോയതായി വികസന സമിതിയിൽ ആക്ഷേപമുയർന്നു.
മലയാലപുഴ പഞ്ചായത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് സെക്രട്ടറി കത്ത് നൽകിയിട്ടും സർവേയറേ വിട്ട് പ്രശ്നം പരിഹരിക്കുന്നില്ല എന്ന് പ്രസിഡന്റ് പ്രീജ പി നായർ പറഞ്ഞു. അരുവാപ്പുലം യു പി സ്കൂളിന്റെ മുൻപിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണം എന്നും ആവശ്യമുയർന്നു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിച്ചു. മലയാലപുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, ഡെപ്യൂട്ടി തഹൽസീദാർ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.