മല്ലപ്പള്ളി: തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭ മേളയിൽ സാംസ്കാരിക, കാർഷിക സമൃദ്ധിയുടെ സ്മരണകളുടെ നേർ കാഴ്ചയൊരുക്കി കാർഷി ഉപകരണങ്ങളുടെയും പരമ്പരാഗത ഗൃഹോപകരണങ്ങളുടെയും അപൂവ ശേഖരം പുത്തൻ തലമുറയ്ക്ക് ആകർഷകമാകുന്നു. ഗാർഹികോപകരണങ്ങൾ വാങ്ങിക്കൂട്ടുന്നതിന് ദൂരെ നിന്നു പോലും നൂറു കണക്കിന് ആൾക്കാരാണ് വാണിഭ മേളയിലെത്തുന്നത്. ഇരുമ്പ്, ഉരുക്ക് എന്നിവയിൽ നിർമ്മിച്ച പണിയായുധങ്ങളും തൂമ്പാ, മഴു, കോടാലി തുടങ്ങിയവയ്ക്കുള്ള കൈകളും മേളയിൽ ലഭിക്കും. പൂവരശ്, കടമരം, പന തുടങ്ങിയ മരങ്ങളിൽ തീർത്തിട്ടുളളതാണ് ഏറെയും. തെങ്ങിൻ തടിയിലെ ഉലക്കകൾ മേളയിലെ സവിശേഷതയാണ്.
പറ, നാഴി, ചങ്ങഴ, മത്ത്, എന്നിവയും കാർഷിക കുടുംബങ്ങളിൽ ഒരു കാലത്ത് സ്ഥാനം പിടിച്ചിരുന്ന പിച്ചാത്തി വെട്ടുകത്തി, ചിരവ, മുറം, കുട്ട, പരമ്പ് എന്നിവയുടെ വിപുലമായ ശേഖരണമാണ് മേളയിലുള്ളത്. റബർ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിപണി കയ്യടക്കിയെങ്കിലും കാർഷിക തനിമയും പാരമ്പര്യവും വിളിച്ചറിക്കുന്ന ഈറ്റ ഉൽപന്നങ്ങൾക്ക് മേളയിൽ ആവശ്യക്കാർ ഏറെയാണ്. വിവിധയിനം അച്ചാറുകളും ഉപ്പിലിട്ട നാടൻ വിഭവങ്ങും മേളയിൽ ലഭ്യമാണ്. തെള്ളിയൂർക്കാവ് വാണിഭ മേളയിലെ പ്രധാന വിൽപനയിനമായ ഉണക്ക സ്രാവിന് ആവശ്യക്കാർ ഏറെയാണ്.