ന്യൂഡല്‍ഹി : കൃഷ്ണമൃഗത്തെ കൊന്നകേസില്‍ സല്‍മാന്‍ ഖാന്റെ വിധി കോടതിയല്ല ,താന്‍ വിധിക്കും എന്ന്അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയി. ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലാണ് ബിഷ്ണോയിയിപ്പോള്‍. വധഭീഷണിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടയില്‍ ആണ് ബിഷ്‌ണോയി ഇങ്ങനെ പറഞ്ഞത്. താനും തന്റെ സമുദായവും സല്‍മാന്‍ ഖാനോട് ക്ഷമിക്കില്ല. സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും പൊതുമധ്യത്തില്‍ മാപ്പ് പറഞ്ഞാല്‍ ചിലപ്പോള്‍ തീരുമാനം മാറ്റുന്നകാര്യം പരിഗണിച്ചേക്കുമെന്നും ഇയാള്‍ പറഞ്ഞു.
1998ല്‍ രാജസ്ഥാനില്‍ ഒരു സിനിമ ചിത്രീകരണത്തിനിടെ സല്‍മാന്‍ ഖാന്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയിരുന്നു. ഈ സംഭവത്തിലാണ് ലോറന്‍സ് ബിഷ്‌ണോയിക്ക് സല്‍മാന്‍ ഖാനോട് പക. കൃഷ്ണമൃഗത്തെ ബിഷ്‌ണോയി വിഭാഗം പരിവാനമായാണ് കാണുന്നത്. ഈ സംഭവത്തില്‍ സല്‍മാന്‍ ഖാനോടുള്ള പക കാരണം അദ്ദേഹത്തെ വക വരുത്താന്‍ ഷൂട്ടറെ അയച്ചിരുന്നതായി ലോറന്‍സ് ബിഷ്‌ണോയി വെളിപ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ഷൂട്ടര്‍ സമ്പത്ത് നെഹ്റയെയാണ് സല്‍മാനെ കൊലപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയതെന്നാണ് ലോറന്‍സ് ബിഷ്ണോയി പറഞ്ഞത്.
ലോറന്‍സിന്റെ നിര്‍ദേശ പ്രകാരം സമ്പത്ത് നെഹ്റ മുംബൈയിലെ ബാന്ദ്രയിലുള്ള സല്‍മാന്‍ ഖാന്റെ വീട്ടിലെത്തുകയും പരിസരത്ത് ചുറ്റിത്തിരിയുകയും ചെയ്തു. ഒരു പിസ്റ്റള്‍ മാത്രമായിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. അതിനാല്‍ ദൂരെ നിന്ന് വെടിവയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ദിനേഷ് ഫൗജി എന്നയാളോട് ആര്‍.കെ സ്പിങ് റൈഫില്‍ എത്തിച്ച് നല്‍കാന്‍ ആവശ്യപ്പെടുകയും ഇതിനായി 3-4 ലക്ഷം രൂപ അനില്‍ പാണ്ഡെ എന്നയാളുടെ പക്കല്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ ദിനേശ് ഫൗജിയെ അറസ്റ്റ് ചെയ്തതോടെ ആ പദ്ധതി നടക്കാതെ വരികയായിരുന്നു.
2011-ല്‍ റെഡി എന്ന സിനിമയുടെ സെറ്റില്‍വച്ചു സല്‍മാന്‍ ഖാനെ അപായപ്പെടുത്താന്‍ ഇവര്‍ ആസൂത്രണം ചെയ്തിരുന്നു. നരേഷ് ഷെട്ടിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. എന്നാല്‍ ആയുധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ആ ശ്രമവും പരാജയപ്പെട്ടു. സല്‍മാന്‍ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ കഴിഞ്ഞ ദിവസമാണ് വധഭീഷണി വന്നത്. കത്തു വഴിയാണ് ഭീഷണി ലഭിച്ചത്.