ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ചത് സ്വയ രക്ഷക്കെന്ന് പ്രതി പാൽ രാജിന്റെ കുടുംബം. ആക്രമണം കരുതിക്കൂട്ടി ആയിരുന്നില്ലെന്നും പെൺകുട്ടിയുടെ കുടുംബം തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിനാൽ സർക്കാർ സുരക്ഷയൊരുക്കണമെന്നും പാൽ രാജിന്റെ കുടുംബം ആവശ്യപ്പെടുകയും ചെയ്തു. പാൽരാജിന്റേത് കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നുവെന്നും ഇയാളാണ് പ്രകോപനമുണ്ടാക്കിയതെന്നുമാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. ഒരു മരണാനന്തര ചടങ്ങിനായി പോകവേ, കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും പാൽരാജ് കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
എന്നാൽ ഈ ആരോപണങ്ങളെ പൂർണമായും നിഷേധിക്കുകയാണ് പാൽരാജന്റെ കുടുംബം. പ്രകോപനപരമായ ഇടപെടലുകൾ നടത്തിയിട്ടുള്ളത് പെൺകുട്ടിയുടെ കുടുംബമാണെന്നും നേരത്തേയും സമാന അനുഭവമുണ്ടായിട്ടുണ്ടെന്നുമാണ് ഇവർ പറയുന്നത്. പാൽരാജിന്റെ കയ്യിൽ കത്തി ആയിരുന്നില്ല, തയ്യൽ സാമഗ്രിയായിരുന്നു ഉണ്ടായിരുന്നതെന്നും തനിക്ക് നേരെയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് പാൽരാജ് ചെയ്തതെന്നും കുടുംബം പറയുന്നു. പെൺകുട്ടിയുടെ കുടുംബത്തിനെതിരെ ഹൈക്കോടതിയിലടക്കം ചെന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഇവരുടെ വാദം. തങ്ങൾ നിരപരാധികളാണെന്നും ഇവർ ആവർത്തിച്ച് പറയുന്നു.